Skip to content

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തെടുത്തത്. മത്സരത്തിൽ സെഞ്ചുറി നേടാനായില്ലയെങ്കിലും ടി20 പരമ്പരയിലെ മികച്ച ഫോം ആദ്യ ഏകദിനത്തിലും തുടർന്ന കോഹ്ലി 60 പന്തിൽ 56 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും കോഹ്ലി തകർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ കോഹ്ലിയ്ക്കൊപ്പം മൂന്ന് ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ചുറി നേടിയിരുന്നു. ശിഖാർ 106 പന്തിൽ 98 റൺസും വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ 43 പന്തിൽ 62 റൺസും ഏകദിന അരങ്ങേറ്റം കുറിച്ച ക്രുനാൽ പാണ്ഡ്യ 31 പന്തിൽ പുറത്താകാതെ 58 റൺസും നേടി തകർത്തടിച്ചതോടെ നിശ്ചിത 50 ഓവറിൽ ഇന്ത്യ 317 റൺസ് നേടി. മറുപടി ബാറ്റിങിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 85 പന്തിൽ 135 റൺസ് നേടി ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter / Bcci )

മത്സരത്തിൽ ഇന്ത്യ 300 റൺസ് പിന്നിട്ടതോടെ ഏകദിന ക്രിക്കറ്റിൽ ടീം 300+ റൺസ് നേടിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വിരാട് കോഹ്ലി പിന്നിലാക്കി. മത്സരത്തിന് മുൻപ് ടീം 300+ സ്കോർ നേടിയ മത്സരങ്ങളിൽ 3,906 റൺസോടെ ഒപ്പത്തിനൊപ്പമായിരുന്നു സച്ചിനും കോഹ്ലിയും.

ഈ മത്സരത്തിലെ ഫിഫ്റ്റിയുൾപ്പടെ ടീം 300+ സ്കോർ നേടിയ 62 മത്സരങ്ങളിൽ നിന്നും 3962 റൺസ് കോഹ്ലി നേടിയിട്ടുണ്ട്‌. ടീം 300 ലധികം റൺസ് നേടിയ 52 മത്സരങ്ങളിൽ നിന്നുമാണ് സച്ചിൻ 3906 റൺസ് നേടിയത്. 49 മത്സരങ്ങളിൽ നിന്നും 3673 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്കും സച്ചിൻ പുറകിലുള്ളത്. 3406 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, 3320 റൺസ് നേടിയ മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്‌മാൻ എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ഹോമിൽ ക്യാപ്റ്റനായി 2000 റൺസും കോഹ്ലി പിന്നിട്ടു. മഹേന്ദ്ര സിങ് ധോണിയ്ക്ക് ശേഷം ഏകദിനത്തിൽ സ്വന്തം നാട്ടിൽ ക്യാപ്റ്റനായി 2000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. കോഹ്ലിയെയും ധോണിയെയും കൂടാതെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങ്, അലൻ ബോർഡർ, മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്, നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter / Bcci )