Skip to content

പോണ്ടിങിന്റെയും കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഫിഫ്റ്റിയോടെ ഇതിഹാസ താരങ്ങളായ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെയും സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

( Picture Source : Twitter / Bcci )

മത്സരത്തിൽ തന്റെ 61 ആം ഏകദിന ഫിഫ്റ്റി നേടിയ കോഹ്ലി 60 പന്തിൽ 56 റൺസ് നേടിയാണ് പുറത്തായത്. 66 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

( Picture Source : Twitter / Bcci )

മത്സരത്തിലെ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹോമിൽ 1,0000 റൺസ് ഇന്ത്യൻ ക്യാപ്റ്റൻ പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹോമിൽ പതിനായിരം റൺസ് നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. വെറും 195 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 1,0000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി.

219 ഇന്നിങ്സിൽ നിന്നും ഹോമിൽ 1,0000 റൺസ് പിന്നിട്ട മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡാണ് കോഹ്ലി പിന്നിലാക്കിയത്. സച്ചിൻ ടെണ്ടുൽക്കർ, ജാക്ക് കാലിസ്, കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവരാണ് കോഹ്ലിയെയും പോണ്ടിങിനെയും കൂടാതെ സ്വന്തം നാട്ടിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1,0000 റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ.

61.74 ശരാശരിയോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹോമിൽ 1,0000 റൺസ് കോഹ്ലി പൂർത്തിയാക്കിയത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിനെയും കോഹ്ലി പിന്നിലാക്കി. മത്സരത്തിന് മുൻപ് 103 തവണ ഏകദിനത്തിൽ 50+ സ്കോർ നേടി കാലിസിനൊപ്പമായിരുന്നു കോഹ്ലി ഉണ്ടായിരുന്നത്. 112 തവണ 50+ സ്കോർ നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, 118 തവണ 50+ സ്കോർ നേടിയ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര, 145 തവണ 50ലധികം സ്കോർ നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ എന്നിവരാണ് ഇനി ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.