Skip to content

‘ ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് സംഭവിച്ചിരുന്നുവെങ്കിൽ അവർ കളിയുടെ സ്പിരിറ്റിനെ കുറിച്ച് ചർച്ച ചെയ്തേനെ ‘ വിവാദത്തിൽ ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി കോഹ്ലി

ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദത്തിന് കളമൊരുക്കിയ ഇന്ത്യ ഇംഗ്ലണ്ട് നാലാം ട്വന്റി 20യിലെ സൂര്യകുമാർ യാദവിന്റെ പുറത്താകലിൽ ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 4–ാം ട്വന്റി20യിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് തേഡ് അമ്പയറുടെ വിവാദ തീരുമാനങ്ങൾ എത്തിയത്.

ഇംഗ്ലിണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സൂര്യകുമാർ യാദവാണ് അമ്പയറുടെ വിവാദ തീരുമാനത്തിന് ഇരയായത്.
സൂര്യകുമാർ യാദവിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഫീൽഡർ ഡേവിഡ് മലാന്റെ കയ്യിൽനിന്ന് പന്ത് നിലംതൊട്ടുവെന്നു റീപ്ലേയിൽ വ്യക്തമായിട്ടും അമ്പയർ വീരേന്ദർ ശർമ ഔട്ട് വിളിച്ചതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. സോഫ്റ്റ് സിഗ്നലായി ഔട്ട് വിളിച്ച ശേഷമാണ് ഫീൽഡ് അമ്പയർ അനന്തപത്മനാഭൻ തീരുമാനം തേഡ് അമ്പയർക്ക് വിട്ടത്.

എന്നാൽ, തീരുമാനം തിരുത്താവുന്നവിധം മതിയായ തെളിവില്ലെന്നാണു തേഡ് അമ്പയർ കണ്ടെത്തിയത്. ഇതോടെ സോഫ്റ്റ് സിഗ്നലിന്റെ അടിസ്ഥാനത്തിൽ ഔട്ട് വിധിക്കുകയായിരുന്നു. നാളെ പൂനെയിൽആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ തീരുമാനത്തിൽ പ്രതികരണവുമായി കോഹ്ലിയെത്തിയത്.

സോഫ്റ്റ് സിഗ്നൽ കാര്യമായി പുനർപരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോഹ്ലി ക്ലൈം ചെയ്ത പുറത്താകലിൽ ഫീൽഡിങ് ടീം എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിഗണിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

https://twitter.com/WisdenIndia/status/1372561860541640707?s=19

” വിദേശത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗത്ത് നിന്ന് ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ, നിങ്ങൾ കേൾക്കാൻ സാധിക്കുക തികച്ചും വ്യത്യസ്തമായ ചർച്ചയാകും, അവർ കളിയുടെ സ്പിരിറ്റിനെ കുറിച്ച് ചർച്ച ചെയ്യും. ഇതുപോലുള്ള കാര്യം ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. വലിയ ടൂർണമെന്റുകളിൽ ഇത്തരം വിവാദങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കില്ല. സോഫ്റ്റ് സിഗ്നലിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വേണം. ” കോഹ്ലി പറഞ്ഞു.