Skip to content

ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോ ? മറുപടിയുമായി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തോടെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ടി20 ഫോർമാറ്റിൽ ഈ ഓപ്പണിങ് കോമ്പിനേഷൻ തുടരണമെന്നും ആരാധകരും ഒപ്പം മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ ആവശ്യപെട്ടിരുന്നു. ഇപ്പോൾ വരുന്ന അക്കാര്യത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

( Picture Source: Twitter/Bcci )

മത്സരശേഷം ഈ ഒരു മത്സരത്തിന് വേണ്ടി മാത്രമുള്ള തന്ത്രപരമായ തീരുമാനമാണെന്ന് രോഹിത് ശർമ്മ പറഞ്ഞിരുന്നു. കെ എൽ രാഹുലിനെ ഒഴിവാക്കാൻ സാധിക്കുകയില്ലെന്നും ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പ് ഇതുവരെ ഇന്ത്യ തീരുമാനിച്ചിട്ടില്ലയെന്നും രോഹിത് ശർമ്മ പറഞ്ഞിരുന്നു. രോഹിത് ശർമ്മയുടെ വാക്കുകൾ ശരിവെച്ച കോഹ്ലി എന്നാൽ താൻ ഓപ്പൺ ചെയ്തേക്കാമെന്ന സാധ്യതകളും തള്ളികളഞ്ഞില്ല.

( Picture Source: Twitter/Bcci )

” രോഹിത് മുൻപ് പറഞ്ഞപ്പോലെ ഇത് മത്സരത്തിന് വേണ്ടിയുള്ള തന്ത്രപരമായ തീരുമാനമായിരുന്നു. തീർച്ചയായും ഒപ്പം ബാറ്റ് ചെയ്തതും ഞങ്ങളുടെ കൂട്ടുകെട്ടും ഞങ്ങൾ ആസ്വദിച്ചു. ഞങ്ങൾ ഒപ്പം ബാറ്റ് ചെയ്യുകയും 20 ഓവർ നേരിടുകയും ചെയ്താൽ എന്തുസംഭവിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കി. എന്നാൽ ഭാവിയിൽ ഇത് തുടരുമെന്നതിൽ ഉറപ്പ് പറയാനാകില്ല. എന്നാൽ മുൻപ് പറഞ്ഞപോലെ ഐ പി എല്ലിൽ ഞാൻ ഓപ്പൺ ചെയ്യും, കാരണം ഞങ്ങൾക്ക് കൂടുതൽ ഓപ്ഷൻ ആവശ്യമാണ്. ” കോഹ്ലി പറഞ്ഞു.

( Picture Source: Twitter/Bcci )

” ഞാൻ നാലാമനായും മൂന്നാമനായും ബാറ്റ് ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഒരു ഓപ്പണറെന്ന നിലയിൽ എന്റെ റോൾ എന്താണെന്ന് എനിക്ക് മനസ്സിലാക്കണം. ടി20 ക്രിക്കറ്റിൽ ആ റോൾ ഭംഗിയായി നിർവഹിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഓപ്പണറായി വിജയിക്കാൻ സാധിച്ചാൽ സൂര്യകുമാർ യാദവിനെ പോലെയുള്ള താരങ്ങൾക്ക് ടീമിൽ സ്ഥാനം നൽകുവാനും സാധിക്കും. ” കോഹ്ലി പറഞ്ഞു.

” സൂര്യകുമാർ യാദവ് മികച്ച പ്രകടനം തുടരുകയാണെങ്കിൽ ടീമിന് ആവശ്യമായ ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാകും. ഇതിനെ പറ്റിയുള്ള ചർച്ചകൾ ലോകകപ്പടുമ്പോൾ ഞങ്ങൾ നടത്തും. ഇപ്പോൾ ഞങ്ങൾക്ക് ഏകദിന പരമ്പരയുണ്ട്. അതിന് ശേഷം ഐ പി എല്ലും. ഐ പി എല്ലിൽ ഓപ്പണറായി ഞാൻ എങ്ങനെയായിരിക്കും കളിക്കുകയെന്നത് കണ്ടുതന്നെയറിയാം. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source: Twitter/Bcci )