Skip to content

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു.

( Picture Source : Twitter )

ടി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ 1, 0, 0, 14 എന്നിങ്ങനെയായിരുന്നു കെ എൽ രാഹുലിന്റെ പ്രകടനം. തുടർന്ന് അഞ്ചാം മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കുകയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുകയും ചെയ്തു. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് കൂട്ടിച്ചേർത്ത കോഹ്ലി 52 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു.

( Picture Source : Twitter / Bcci )

” ആരെയെങ്കിലും ഒഴിക്കുന്നവർക്ക് അവർക്ക് ഗുണകരമാകില്ല. രാഹുൽ മൂന്ന് ഏകദിനങ്ങളിലും കളിക്കണം. ഫോമിലല്ലാത്ത ഒരു താരത്തെ ഫോമിൽ തിരിച്ചെത്തിക്കാനുള്ള ഒരേയൊരു വഴി അവർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയെന്നതാണ്. കാരണം ടീമിന്റെ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നത് താരങ്ങളെ കൂടുതൽ വിഷമത്തിലാക്കും. ” ഗൗതം ഗംഭീർ പറഞ്ഞു.

” ഇന്ത്യ ആറ് ബൗളർമാരുമായാണ് കളിക്കാനിറങ്ങിയത്. ആ തീരുമാനത്തെ ഞാൻ അംഗീകരിക്കുന്നു. കെ എൽ രാഹുലിനെ ഒഴിവാക്കിയെങ്കിൽ മാത്രമേ അവർക്ക് ഒരു ബൗളറെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അത് തന്നെയാണ് അവർ ചെയ്‌തതും. എന്നാൽ ഫോമിൽ തിരിച്ചെത്താൻ രാഹുലിന് അവസരം നൽകേണ്ടിയിരിക്കുന്നു. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

മത്സരശേഷം കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും രംഗത്തെത്തിയിരുന്നു. ഈ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഒരു അധിക ബൗളറെ ഉൾപ്പെടുത്താനാണ് രാഹുലിനെ ഒഴിവാക്കി കോഹ്ലി ഓപ്പൺ ചെയ്തതെന്നും ടി20യിൽ ഇന്ത്യയുടെ നിർണായക താരമാണ് കെ എൽ രാഹുലെന്നും രോഹിത് ശർമ്മ പറഞ്ഞു.