Skip to content

അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

രോഹിത് ശർമ്മ – വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കോഹ്ലിയും രോഹിത് ശർമ്മയും ഒരുമിച്ച് ഓപ്പൺ ചെയ്തത്.

( Picture Source : Twitter / Bcci )

ഓപ്പണിങ് കൂട്ടുകെട്ടിൽ വെറും 56 പന്തിൽ 94 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 52 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു. മത്സരത്തിന് പുറകെ മുൻ താരങ്ങളും ആരാധകരും ഈ ഓപ്പണിങ് കോമ്പിനേഷൻ തുടരണമെന്ന് ആവശ്യപെട്ടിരുന്നു.

( Picture Source : Twitter / Bcci )

” തീർച്ചയായും അവർ വീരേന്ദർ സെവാഗിനെയും സച്ചിൻ ടെണ്ടുൽക്കറെയും പോലെയാണ്, അവരുടെ കൂട്ടുകെട്ടിൽ ആദ്യ ബോൾ മുതൽ വീരേന്ദർ സെവാഗ് ആക്രമിച്ചു കളിച്ചുതുടങ്ങും, കാരണം മറുഭാഗത്ത് സച്ചിൻ ടെണ്ടുൽക്കറുണ്ടെന്ന് അവനറിയാം. കൂടാതെ സച്ചിനും മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് ചെയ്തിരുന്നത്. കാരണം ഓഫ് സൈഡ്, ഓൺ സൈഡ്, ഫ്രൻഡ് ഫൂട്ട്, ബാക്ക് ഫൂട്ട്, തുടങ്ങി റൺസ് കണ്ടെത്താൻ ഒരുപാട് ഓപ്‌ഷനുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നതും ” മൈക്കൽ വോൺ പറഞ്ഞു.

” ഇന്ത്യ അവരുടെ മികച്ച ബാറ്റിങ് കോമ്പിനേഷൻ കണ്ടെത്തിയോ, നമ്മൾ അത് കാത്തിരുന്നത് കാണേണ്ടതാണ്. മികച്ച കോമ്പിനേഷൻ കണ്ടെത്താൻ ഇത് രവി ശാസ്ത്രിയുടെയും വിരാട് കോഹ്ലിയുടെയും പ്ലാൻ ആയിരിക്കാം. എന്നാൽ ഈ തീരുമാനത്തിന് അവർ നിർബന്ധിതരായെന്നാണ് ഞാൻ കരുതുന്നത്. കാരണം സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവൻ അന്താരാഷ്ട്ര ക്രിക്കറ്റിന് യോജിച്ച താരമാണ്. വിരാട് ഓപ്പൺ ചെയ്തേ മതിയാകൂ, കാരണം നാലാമനായി അവനെയിറക്കാൻ കഴിയില്ല. ഇപ്പോൾ ഇന്ത്യയുടെ ടോപ്പ് ത്രീ അതിശക്തമാണ്. ” മൈക്കൽ വോൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ക്രീസിലുണ്ടെങ്കിൽ എതിർടീമുകൾ ഭയപ്പെടും. കാരണം അവരുടെ ബാറ്റിങ് ശൈലി തന്നെ. ബാറ്റിങ് അവർ എളുപ്പമായി തോന്നിക്കും. ഷോർട്ട് ബോളുകൾ നിങ്ങൾക്ക് എറിയാൻ സാധിക്കില്ല. ആദ്യ മത്സരങ്ങളിൽ ഷോർട്ട് ബോളുകളിലൂടെ ആർച്ചറും വുഡും ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇത്തരം പിച്ചുകളിൽ കോഹ്ലിയെയും രോഹിത് ശർമ്മയെയും അത്തരം പന്തുകൾ ബുദ്ധിമുട്ടിക്കില്ല. ” മൈക്കൽ വോൺ കൂട്ടിച്ചേർത്തു .