CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപെട്ട് പരമ്പര കൈവിട്ടുവെങ്കിലും മികച്ച പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും മലാൻ പിന്നിലാക്കുകയും ചെയ്തു.

( Picture Source : Twitter / Bcci )

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാനും ജോസ് ബട്ട്ലറും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ബട്ട്ലർ 34 പന്തിൽ 52 റൺസ് നേടിയപ്പോൾ ഡേവിഡ് മലാൻ 46 പന്തിൽ 68 റൺസ് നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ 130 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ 188 റൺസിൽ അവസാനിച്ചു.

( Picture Source : Twitter / Bcci )

മത്സരത്തിലെ 65 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ടി20യിൽ 1,000 റൺസ് ഡേവിഡ് മലാൻ പിന്നിട്ടു. വെറും 24 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട മലാൻ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി.

( Picture Source : Twitter / Bcci )

26 ഇന്നിങ്‌സിൽ 1000 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ റെക്കോർഡാണ് ഡേവിഡ് മലാൻ തകർത്തത്. 27 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 29 ഇന്നിങ്സിൽ നിന്നും അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ എന്നിവരാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.

ഈ ഫോർമാറ്റിലെ തന്റെ പത്താം ഫിഫ്റ്റിയാണ് മത്സരത്തിൽ മലാൻ നേടിയത്. ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് മലാൻ ഐസിസി ടി20 റാങ്കിങ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ബാറ്റ്‌സ്മാൻ കൂടിയാണ്.

മത്സരത്തിലെ വിജയത്തോടെ പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മാർച്ച് 23 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.