Skip to content

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനം ദുഷ്കരമായിരുന്നുവെന്നും ലോകകപ്പിന് ഇതിനിയുമേറെ സമയമുള്ളതിനാൽ ഇതായിരിക്കുകയില്ല ഇന്ത്യയുടെ പ്ലേയിങ് ഇലവനെന്നും രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / Bcci )

മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കൂട്ടിച്ചേർത്തിരുന്നു. രോഹിത് 34 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 52 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു. ഓപ്പൺ ചെയ്ത കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ആരാധകരും ആവേശത്തോടെയാണ് ഇന്ത്യയുടെ പുതിയ ഓപ്പണിങ് കോമ്പിനേഷനെ സ്വാഗതം ചെയ്തത്.

( Picture Source : Twitter / Bcci )

” ലോകകപ്പിന് ഇനിയുമേറെ സമയമുണ്ട്, അതുകൊണ്ട് തന്നെ ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. ടീമിന് എന്താണ് അനുയോജ്യമെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്നത്തേത് തന്ത്രപരമായ തീരുമാനം മാത്രമായിരുന്നു. ഞങ്ങൾക്ക് ഒരു എക്സ്ട്രാ ബൗളറെ ആവശ്യമായിരുന്നു അതുകൊണ്ടാണല്ലോ ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കിയത്. നിർഭാഗ്യവശാൽ അത് കെ എൽ രാഹുലായിരുന്നു, അവനെ ഒഴിവാക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : Twitter / Bcci )

” ലിമിറ്റഡ് ഓവറിൽ ടീമിലെ നിർണ്ണായക താരമാണ് കെ എൽ രാഹുൽ. പ്രത്യേകിച്ചും ഈ ഫോർമാറ്റിൽ. നിലവിലെ ഫോം പരിഗണിച്ചാണ് മികച്ച ഇലവനെ ഇറക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാലിത് കെ എൽ രാഹുലിനെ ഇനി പരിഗണിക്കില്ലയെന്നതല്ല. ഇത് ഈ ഒരു മത്സരത്തിന് വേണ്ടി മാത്രമായിരുന്നു. ലോകകപ്പിലെത്തുമ്പോൾ അതിന് മാറ്റം വന്നേക്കാം. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” കെ എൽ രാഹുലിന്റെ കഴിവും ടീമിന് വേണ്ടിയുള്ള അവന്റെ പ്രകടനത്തെ കുറിച്ചും ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇതായിരിക്കുമോ ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പെന്ന് ഞാൻ പറയുന്നില്ല. ഐ പി എല്ലിനും ലോകകപ്പിനുമിടയിൽ ഒരുപാട് സമയമുണ്ട്. ലോകകപ്പിന് മുൻപേ ടി20 മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ഞാൻ കേൾക്കുന്നു. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ബെസ്റ്റ് ഇലവൻ തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് ഏറെ സമയമുണ്ട്. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.