Skip to content

സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഗുണകരമാകുമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ അതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. മത്സരത്തിൽ രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 52 പന്തിൽ പുറത്താകാതെ 80 റൺസ് നേടി. മത്സരത്തിൽ 36 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 3-2 ന് സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter / Bcci )

” ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിങ്ങളുടെ മികച്ച ബാറ്റ്‌സ്മാനായിരിക്കണം ഏറ്റവും കൂടുതൽ പന്തുകൾ നേരിടേണ്ടത്. അതുകൊണ്ട് വിരാട് കോഹ്ലി ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യേണ്ടത് വളരെ നിർണായകമാണ്. ഒരുപക്ഷേ കെ എൽ രാഹുലിന്റെ ഫോമില്ലായ്മ നിർഭാഗ്യമെന്ന് നമ്മൾ കരുതിയ അനുഗ്രഹമായിരിക്കും, കാരണം അത് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷനാണ് നൽകിയിരിക്കുന്നത്. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” ഏകദിനത്തിൽ ഡൗൺ ഓർഡറിൽ കളിച്ചിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഓപ്പണറായത് അദ്ദേഹത്തിന്റെ ബാറ്റിങിൽ മാത്രമല്ല ടീമിന്റെ മൊത്തത്തിൽ മാറ്റിമറിച്ചിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ബെസ്റ്റ് ബാറ്റ്സ്മാൻ തന്നെയാണ് കൂടുതൽ പന്തുകൾ നേരിടേണ്ടത്. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

” ഈ ഓപ്പണിങ് കോമ്പിനേഷനെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. വമ്പൻ ഷോട്ടുകൾ പായിച്ചതിന് ശേഷം അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നത് നോക്കൂ, അത് സംഭവിക്കുമ്പോൾ രണ്ട് ലീഡർമാർ വഴി കാണിക്കുമ്പോൾ, അത് പിന്നീടെത്തുന്നവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും, ഇന്ത്യൻ ജേഴ്സിയിൽ സൂര്യകുമാർ യാദവിന്റെ ഇത്തരത്തിലുള്ള പ്രകടനം ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

മത്സരശേഷം ഐ പി എല്ലിലും താൻ ഓപ്പൺ ചെയ്യുമെന്ന് കോഹ്ലി പറഞ്ഞിരുന്നു. ഇന്ത്യയ്ക്കിപ്പോൾ ശക്തമായ മധ്യനിരയുണ്ടെന്നും ടി20യിൽ മികച്ച രണ്ട് ബാറ്റ്‌സ്മാന്മാർ കൂടുതൽ പന്തുകൾ നേരിട്ടാൽ അത് ടീമിന് ഗുണകരമാകുമെന്നും രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )