Skip to content

രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിന് ശേഷം ടി20യിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്‌തേക്കുമെന്നും ഒപ്പം ആ തീരുമാനത്തിന് പിന്നിലെ കാരണവും കോഹ്ലി വെളിപ്പെടുത്തി.

( Picture Source : Twitter / Bcci)

മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കിയാണ് ഓപ്പണറായി കോഹ്ലി ഇറങ്ങിയത്. 52 പന്തിൽ നിന്നും 7 ഫോറും 2 സിക്സുമുൾപ്പടെ പുറത്താകാതെ 80 റൺസ് കോഹ്ലി നേടിയിരുന്നു. രോഹിത് ശർമ്മയാകട്ടെ 34 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 64 റൺസ് മത്സരത്തിൽ നേടി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 188 റൺസിനൊതുക്കി 36 റൺസിന്റെ വിജയം നേടി. വിജയത്തോടെ പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter / Bcci)

” ഐ പി എല്ലിലും ഞാൻ ഓപ്പൺ ചെയ്യും, ഇന്ത്യയ്ക്കിപ്പോൾ ശക്തമായ മധ്യനിരയുണ്ട്. ടി20 ക്രിക്കറ്റിൽ മികച്ച രണ്ട് ബാറ്റ്‌സ്മാന്മാർ കൂടുതൽ പന്തുകൾ നേരിട്ടാൽ അത് ടീമിന് ഗുണകരമാകും. ടോപ്പ് ഓർഡറിൽ രോഹിത് ശർമ്മയ്ക്കൊപ്പം ബാറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളിലൊരാൾ ക്രീസിലുണ്ടെങ്കിൽ മറ്റുള്ളവർക്ക് ആത്മവിശ്വാസമുണ്ടാകും. അത് തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ” കോഹ്ലി പറഞ്ഞു.

” മത്സരത്തിൽ പൂർണ്ണമായും മേധാവിത്വം പുലർത്താൻ ഞങ്ങൾക്ക് സാധിച്ചു. പന്തിനും അയ്യർക്കും അവസരം ലഭിച്ചില്ലയെങ്കിലും 225 റൺസ് ഞങ്ങൾ സ്കോർ ചെയ്തു. ഞങ്ങളുടെ ബാറ്റിങ് ഡെപ്തിന്റെ തെളിവാണിത്. പോസിറ്റീവായാണ് ഞാനും രോഹിത് ശർമ്മയും ബാറ്റിങിനിറങ്ങിയത്. ഇന്നത്തേത് ക്ലാസിക്ക് രോഹിത് ശർമ്മയായിരുന്നു, പിന്നീട് സൂര്യകുമാർ യാദവ് എത്തുകയും മത്സരത്തിൽ ഇന്ത്യയെ കൂടുതൽ മുന്നോട്ട് നയിക്കുകയും ചെയ്തു. ” കോഹ്ലി കൂട്ടിച്ചേർത്തു.

” ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും ശ്രേയസ് അയ്യരുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇഷാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് സൂര്യകുമാറിന്റെ പ്രകടനമാണ്. ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും മികച്ച തിരിച്ചുവരവ് നടത്തി. നടരാജനാകട്ടെ 2 നിർണായക ഓവറുകൾ ഇന്നെറിഞ്ഞു. റിഷാബ് പന്ത് കൂടുതൽ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഷാർദുൽ താക്കൂറിന്റെ ആത്മവിശ്വാസം വർധിച്ചു. ബൗളിങിൽ അവന്റെ ശക്തി അവന്റെ വിശ്വാസമാണ്. ” മത്സരശേഷം കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci)