Skip to content

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഫിഞ്ചിന്റെയും വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

( Picture Source : Twitter / Bcci )

ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ 52 പന്തിൽ 7 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 80 റൺസ് കോഹ്ലി നേടിയിരുന്നു. കോഹ്ലിക്കൊപ്പം 34 പന്തിൽ 64 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് ഇന്ത്യ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് ഇരുവരും കൂട്ടിചേർത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനാകട്ടെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. 44 മത്സരങ്ങളിൽ നിന്നും 1,462 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്.

മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി 45 മത്സരങ്ങളിൽ നിന്നും 1,502 റൺസ് കോഹ്ലി നേടിയിട്ടുണ്ട്‌.

കൂടാതെ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായി കോഹ്ലി നേടുന്ന പന്ത്രണ്ടാം ഫിഫ്റ്റിയാണിത്. ക്യാപ്റ്റനായുള്ള 49 മത്സരങ്ങളിൽ 11 ഫിഫ്റ്റി നേടിയിട്ടുള്ള ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്.

90 മത്സരങ്ങളിൽ നിന്നും 52.65 ശരാശരിയിൽ 3,159 റൺസ് നേടിയ കോഹ്ലി തന്നെയാണ് അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ. 28 ഫിഫ്റ്റി അന്താരാഷ്ട്ര ടി20യിൽ കോഹ്ലി നേടിയിട്ടുണ്ട്‌.

മത്സരത്തിലെ 36 റൺസിന്റെ തകർപ്പൻ വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി. മാർച്ച് 23 ന് പുണെയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.