Skip to content

റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20യിലെ തന്റെ 22 ആം ഫിഫ്റ്റി കുറിച്ച രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter / Bcci )

രോഹിത് ശർമ്മയ്ക്കൊപ്പം 52 പന്തിൽ പുറത്താകാതെ 80 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ 224 റൺസ് നേടിയത്. ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളു. മത്സരത്തിൽ 36 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 3-2 ന് സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter / Bcci )

മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ വിരാട് കോഹ്ലിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

മത്സരത്തിലെ ഫിഫ്റ്റിയടക്കം അന്താരാഷ്ട്ര ടി20യിൽ 103 ഇന്നിങ്സിൽ നിന്നും 32.54 ശരാശരിയിൽ 2,864 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌. 95 ഇന്നിങ്സിൽ നിന്നും 32.26 ശരാശരിയിൽ 2,839 റൺസ് നേടിയിട്ടുള്ള ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗപ്റ്റിലെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )

84 ഇന്നിങ്സിൽ നിന്നും 52.65 ശരാശരിയിൽ 3,159 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ തലപ്പത്തുള്ളത്. മത്സരത്തിൽ പുറത്താകാതെ 52 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 80 റൺസ് കോഹ്ലി നേടിയിരുന്നു. അന്താരാഷ്ട്ര ടി20യിലെ തന്റെ 28 ആം ഫിഫ്റ്റിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്.

46 പന്തിൽ 68 റൺസ് നേടിയ ഡേവിഡ് മലാനും 34 പന്തിൽ 52 റൺസ് നേടിയ ജോസ് ബട്ട്ലറും മാത്രമാണ് മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും ഷാർദുൽ താക്കൂർ 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഹാർദിക് പാണ്ഡ്യ, ടി നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാറാണ് പ്ലേയർ ഓഫ് ദി മാച്ച്.

5 മത്സരങ്ങളിൽ നിന്നും 115.50 ശരാശരിയിൽ 231 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് പ്ലേയർ ഓഫ് ദി സിരീസ്.