Skip to content

അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് റൺസിന്റെ 36 തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി.

225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി 46 പന്തിൽ 68 റൺസ് നേടിയ ഡേവിഡ് മലാനും 34 പന്തിൽ 52 റൺസ് നേടിയ ജോസ് ബട്ട്ലറും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചുവെങ്കിലും പിന്നീട് വന്നവർക്ക് മികവ് പുലർത്താൻ സാധിച്ചില്ല.

നാലോവറിൽ 15 റൺസ് മാത്രം റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. ഷാർദുൽ താക്കൂർ നാലോവറിൽ 45 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മ 34 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 64 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 52 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 80 റൺസ് നേടി പുറത്താകാതെ നിന്നു.

17 പന്തിൽ 32 റൺസ് നേടിയ സൂര്യകുമാർ യാദവും 17 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തു.