Skip to content

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനുപുറകെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്.

തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയോടെ 47 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ കോഹ്ലി റാങ്കിങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്‌സ്മാനായി കോഹ്ലി മാറി.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 49 പന്തിൽ നിന്നും 73 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലി മൂന്നാം മത്സരത്തിലും പുറത്താകാതെ 46 പന്തിൽ 77 റൺസ് നേടിയിരുന്നു.

പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ നാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടതോടെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നും വെറും ഒരു റൺ മാത്രമാണ് രാഹുലിന് നേടാൻ സാധിച്ചിട്ടുള്ളത്.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് റാങ്കിങിൽ മലാന് പുറകിലുള്ളത്.

https://twitter.com/ICC/status/1372098072063401984?s=19

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജോണി ബെയർസ്റ്റോ പതിനാലാം സ്ഥാനത്തും ജോസ് ബട്ട്ലർ 19 ആം സ്ഥാനത്തുമെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ ജേസൺ റോയ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24 ആം സ്ഥാനത്തെത്തി.

മൂന്നാം മത്സരത്തിൽ 52 പന്തിൽ 83 റൺസ് നേടിയ ബട്ട്ലറുടെയും 28 പന്തിൽ 40 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും മികവിലാണ് ഇംഗ്ലണ്ട് 8 വിക്കറ്റിന് വിജയിച്ചത്.