Skip to content

ഈ ഒരൊറ്റ റെക്കോർഡ് മതി കോഹ്ലിയെന്ന ഇന്ത്യയുടെ ‘രക്ഷകനെ’ മനസിലാക്കാൻ ; അപൂർവ്വ റെക്കോർഡിൽ ജയവർധനയെ മറികടന്ന് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മത്സരത്തിൽ വേറിട്ടു നിന്നത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇത്തവണയും പവർ പ്ലേയിൽ തകർന്നടിയുകയായിരുന്നു. കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ 156 റൺസിലെത്തിയത്. ഒരു ഘട്ടത്തിൽ 15 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 87 എന്ന നിലയിലായിരുന്നു ഇന്ത്യ.

അവസാന ഓവറുകളിൽ കോഹ്ലി അറ്റാക്കിങ് മോഡിലേക്ക് മാറുകയായിരുന്നു. കോഹ്ലി നേരിട്ട അവസാന 17 ബോളിൽ നേടിയത് 49 റൺസാണ്. മത്സരം അവസാനിച്ചപ്പോൾ 46 പന്തില്‍ നിന്ന് 77 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്‌സും എട്ട് ഫോറും കോഹ്‌ലി നേടി. ടി 20 ക്രിക്കറ്റിലെ 27-ാം അര്‍ധ സെഞ്ചുറിയാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ടീമിലെ മറ്റൊരു താരവും 30ൽ കൂടുതൽ റൺസ് പോലും നേടാത്ത മത്സരത്തിലാണ് കോഹ്ലി 77 റൺസ് നേടി രക്ഷകനായി മാറിയത്. ഇതാദ്യമായല്ല കോഹ്ലി ഇത്തരത്തിൽ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുന്നത്. ഇന്നലത്തെ മത്സരത്തോടെ രക്ഷകന്റെ റോളിൽ പുതിയ റെക്കോർഡും നേടിയിരിക്കുകയാണ് കോഹ്ലി.

അന്താരാഷ്ട്ര ടി20യിൽ ടീമിലെ മറ്റൊരു താരവും 30 റൺസിൽ കൂടുതൽ നേടാത്ത മത്സരത്തിൽ ഏറ്റവും കൂടുതൽ തവണ 75+ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലിയെ തേടിയെത്തിയത്. അഞ്ചാം തവണയാണ് ഇത്തരത്തിൽ ഒരു നേട്ടത്തിലെത്തുന്നത്. മുൻ ശ്രീലങ്കൻ താരം മഹേള ജയവർധനയെ ( 4 തവണ ) മറികടന്ന് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് കോഹ്ലി.

ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 52 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. 5 ഫോറും നാല് സിക്സും ബട്ട്ലറുടെ ബാറ്റിൽ നിന്നും പിറന്നു. 28 പന്തിൽ 40 റൺസ് നേടിയ ജോണി ബെയർസ്റ്റോ ജോസ് ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി.