Skip to content

അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു റൺ നേടാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളത്.

( Picture : Twitter Bcci )

അവസാന നാല് മത്സരങ്ങളിൽ ഇത് മൂന്നാം തവണയാണ് കെ എൽ രാഹുൽ പൂജ്യത്തിന് പുറത്താകുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും കെ എൽ രാഹുലിന് റണ്ണൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ മത്സരങ്ങളിലെ മോശം പ്രകടനത്തിൽ ആശങ്കയില്ലെന്നും ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കെ എൽ രാഹുലെന്നും മത്സരശേഷം വിക്രം റാത്തോർ പറഞ്ഞു.

” എല്ലാവർക്കും മോശം ഘട്ടത്തിലൂടെ കടന്നുപോകും. കഴിഞ്ഞ ഒരു വർഷമായി ടി20 ഫോർമാറ്റിൽ ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ കെ എൽ രാഹുലാണ്. 145 മുകളിൽ സ്‌ട്രൈക്ക് റേറ്റുള്ള അവന്റെ ബാറ്റിങ് ശരാശരി 40 ന് മുകളിലാണ്. മൂന്ന് മോശം പ്രകടനങ്ങൾ അവന്റെ പ്രതിഭയെ ഇല്ലാതാക്കില്ല. ഈ ഫോർമാറ്റിലെ ഞങ്ങളുടെ മികച്ച ബാറ്റ്‌സ്മാനാണവൻ. കഴിഞ്ഞ വർഷങ്ങളിലെല്ലാം മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തത്. ” വിക്രം റാത്തോർ പറഞ്ഞു.

” ഒരു ടീമെന്ന നിലയിൽ അവനെ ഞങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്. ഈ മോശം ഘട്ടത്തെ അവൻ മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. വൈറ്റ് ബോൾ താരങ്ങൾക്ക് പരിശീലനത്തിനുള്ള അവസരം ഞങ്ങൾ നൽകുന്നുണ്ട്. നെറ്റിലും അവർ കൂടുതൽ സമയം ചിലവഴിക്കുന്നു. ഞങ്ങൾക്ക് അത്ര മാത്രമാണ് ചെയ്യുവാൻ സാധിക്കുക. ഒരു ഇന്നിങ്സോ ഒരു ഷോട്ടോ മാത്രം മതി കെ എൽ രാഹുലിനെ പോലെയുള്ള താരങ്ങൾക്ക് ഫോമിൽ തിരിച്ചെത്താൻ ” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും കെ എൽ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കെ എൽ രാഹുൽ ചാമ്പ്യൻ പ്ലേയറാണെന്നും കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ അവനെക്കാൾ മികച്ച ബാറ്റ്‌സ്മാൻ ടി20യിൽ ഉണ്ടാകുകയില്ലെന്നും ടോപ്പ് ഓർഡറിൽ രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലായിരിക്കും ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.