Skip to content

റീവ്യൂ എടുക്കുന്നതിൽ പലപ്പോഴും പരാജയപ്പെടാനുള്ള കാരണം റിഷഭ് പന്ത് ; കാരണം വെളിപ്പെടുത്തി അശ്വിൻ

ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിൽ മികച്ച പ്രകടനമാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ അശ്വിൻ കാഴ്ച്ചവെച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീമിന്റെ വിജയത്തിൽ നിർണായ പങ്ക് വഹിച്ചിരുന്നു. 8 ഇന്നിങ്സിൽ നിന്നായി 188 ഓവറിൽ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാൽ ഈ സീരീസിൽ റീവ്യൂ എടുക്കുന്നതിൽ പലപ്പോഴായി അശ്വിൻ പരാജയപ്പെട്ടിരുന്നു, ചെറിയ രീതിയിൽ ഇത് വിമർശനത്തിനും വഴിവെച്ചിരുന്നു.

രണ്ടാം ടെസ്റ്റിൽ സ്റ്റോക്‌സിനെതിരെ എൽബിഡബ്ല്യൂ റീവ്യൂ ഉറപ്പിച്ച മട്ടിൽ കോഹ്‌ലിയോട് നൽകാൻ ആവശ്യപ്പെട്ടത് ഇതിനുദാഹരണമാണ്. എന്നാൽ ബോൾ ട്രാക്കിങ് റിപ്ലേ പരിശോധിച്ചപ്പോൾ സ്റ്റമ്പിൽ ഹിറ്റ് ചെയ്യാതെയാണ് പോയത്.

ഇന്ത്യടുഡേയുമായുള്ള അഭിമുഖത്തിൽ താൻ ഡിആർഎസ് എടുക്കുന്നതിൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു, എന്നാൽ ഈ സീരീസിൽ റീവ്യൂ എടുക്കുന്നത്തിൽ തെറ്റ് പറ്റിയത് തന്റെ പിഴവ് മൂലമല്ലെന്നും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ നിർദ്ദേശങ്ങൾ കാരണമായിരുന്നുവെന്നും അശ്വിൻ വെളിപ്പെടുത്തി.

” ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയ്‌ക്ക് മുമ്പ്, എന്റെ ഡിആർ‌എസ് ഉപയോഗം വളരെ മികച്ചതായിരുന്നു. ഡി‌ആർ‌എസ് എടുക്കുന്നതിൽ വിക്കറ്റ് കീപ്പറുടെ അഭിപ്രായങ്ങളിലും ആശ്രയിക്കേണ്ടതുണ്ട്. ബോളിന്റെ ആംഗിളിനെയും ബൗണ്സിനെയും സംബന്ധിച്ചുമുള്ള എന്റെ ചോദ്യങ്ങൾക്കുള്ള വിക്കറ്റ് കീപ്പറിന്റെ മറുപടി അനുസരിച്ചിരിക്കും റീവ്യൂവിലെ വിജയസാധ്യത. അവിടെ റിഷഭ് പന്ത് എന്നെ പരാജയപ്പെടുത്തി. ” അദ്ദേഹം ഇന്ത്യടുഡേയോട് പറഞ്ഞു.

” പന്ത് ലൈനിലാണോ അല്ലയോ കുത്തിയതെന്ന് എനിക്ക് അറിയാനാവും. എന്നാല്‍ വിക്കറ്റ് കീപ്പറുടെ സഹായം വേണ്ടത് പിന്നീടാണ്. എന്നാല്‍ എറിയുന്ന ആംഗിളില്‍ നിന്നുള്ള ലൈന്‍ എനിക്ക് പറയാന്‍ കഴിയില്ല. അവിടെയെല്ലാം നിരവധി തവണ റിഷഭ് പന്ത് എന്നെ നിരാശപ്പെടുത്തി. ഇക്കാര്യം ഞാന്‍ പന്തിനോട് പറയുകയും ചെയ്തു.” അശ്വിന്‍ വ്യക്തമാക്കി.