Skip to content

അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷാബ് പന്തിനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട് പഠിക്കണമെന്നും സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യം എന്നോട് പറയാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

( Picture Source : Twitter / Bcci )

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. 32 പന്തിൽ 5 ഫോറും നാല് സിക്സുമടക്കം 56 റൺസ് നേടിയാണ് കിഷൻ പുറത്തായത്. 13 പന്തിൽ 2 ഫോറും 2 സിക്സുമടക്കം 26 റൺസ് നേടിയ റിഷാബ് പന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇരുവരും മികച്ച പ്രകടനം പുറത്തെടുവെങ്കിലും 49 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മത്സരം ഫിനിഷ് ചെയ്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഈ പ്രകടനം കൂടെ ചൂണ്ടിക്കാട്ടിയാണ് വീരേന്ദർ സെവാഗ് ഇരുവർക്കും ഉപദേശം നൽകിയത്.

( Picture Source : Twitter / Bcci )

” വിരാട് കോഹ്ലിയുടെ ദിവസമാണെങ്കിൽ അവൻ ക്രീസിൽ നിലയുറപ്പിച്ച് മത്സരം ഫിനിഷ് ചെയ്തിരിക്കും. അതേത് ഫോർമാറ്റിലായാലും അങ്ങനെ തന്നെ. അതാണ് അവന്റെ ബാറ്റിങിന്റെ മുഖമുദ്ര. റിഷാബ് പന്തും ഇഷാൻ കിഷനും ഇക്കാര്യം കോഹ്ലിയിൽ നിന്നും പഠിക്കണം. നിങ്ങളുടെ ദിവസമാണെങ്കിൽ പുറത്താകാതിരിക്കാൻ ശ്രമിക്കണം.” വീരേന്ദർ സെവാഗ് പറഞ്ഞു.

” സച്ചിൻ ടെണ്ടുൽക്കറും അതുതന്നെയാണ് ചെയ്തിരുന്നത്. അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു ‘ ഇന്ന് നിങ്ങൾക്ക് മികച്ച ദിവസമാണെങ്കിൽ നിങ്ങൾക്ക് കഴിയാവുന്നിടത്തോളം നിങ്ങൾ കളിക്കണം, ഔട്ടാകട്ടെ റൺസ് സ്കോർ ചെയ്യണം, കാരണം നാളെ എത്തരിത്തിലുള്ള ദിവസമാണെന്നോ നിങ്ങൾക്ക് റൺസ് സ്കോർ ചെയ്യാൻ സാധിക്കുമോയെന്ന് പറയാൻ സാധിക്കില്ല, എന്നാൽ ഇന്ന് നിങ്ങൾ ബാറ്റ് ചെയ്യുമ്പോൾ ബോൾ ഫുട്‌ബോൾ പോലെയായിരിക്കും തോന്നുക. ” വീരേന്ദർ സെവാഗ് പറഞ്ഞു.

പരമ്പരയിൽ ഓരോ മത്സരങ്ങളും വിജയിച്ച ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ നടക്കുക. ഗുജറാത്തിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് കാണികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

( Picture Source : Twitter / Bcci )