Skip to content

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റത്തിൽ കാഴ്ച്ചവെച്ചത്.

( Picture Source : Twitter / Bcci )

32 പന്തിൽ 5 ഫോറും 4 സിക്സുമുൾപ്പടെ 56 റൺസ് നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഇഷാൻ കിഷനാണ് മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ ഈ തകർപ്പൻ പ്രകടനത്തോടെ ഓപ്പണിങ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ശിഖാർ ധവാൻ ബഹുദൂരം പിന്നിലായെന്നും പരമ്പരയിൽ മൂന്നാം ഓപ്പണറായാണ് ധവാനെ ഉൾപ്പെടുത്തിയതെന്നും മഞ്ചരേക്കാർ പറഞ്ഞു.

( Picture Source : Twitter / Bcci )

” രോഹിത് ശർമ്മ തീർച്ചയായും ഓപ്പണറായി തിരിച്ചെത്തും. ഓപ്പണിങ് സ്ഥാനത്തിന് വേണ്ടിയുള്ള ഈ പോരാട്ടം ഇന്ത്യയ്ക്ക് ഗുണകരമാണ്. എന്നാൽ ആ താരങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം നിങ്ങൾക്ക് ഊഹിക്കാവുന്നതാണ്. ഇനിമുതൽ എല്ലാ മത്സരത്തിലും അവർ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. ഈ മത്സരയോട്ടത്തിൽ ഏറ്റവും പുറകിലായിരിക്കുന്നത് ശിഖാർ ധവാനാണ്. കെ എൽ രാഹുലിനാകട്ടെ അവന്റെ ഫോമും തെളിയിക്കേണ്ടിയിരുക്കുന്നു. ” സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു.

( Picture Source : Twitter / Bcci )

ഈ വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ പരമ്പരയിലെ പ്രകടനം താരങ്ങൾക്ക് നിർണായകമാണ്. ഐസിസി ടൂർണമെന്റുകളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനം ശിഖാർ ധവാൻ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ മെല്ലെപ്പോക്ക് ഇന്ത്യയ്ക്ക് ഗുണകരമാകില്ലയെന്നാണ് ഒരുകൂട്ടർ പറയുന്നത്.

അന്താരാഷ്ട്ര ടി20യിൽ 64 മത്സരങ്ങളിൽ നിന്നും 27.88 ശരാശരിയിൽ 1673 റൺസ് നേടിയ ധവാന്റെ സ്‌ട്രൈക്ക് റേറ്റ് 127.42 മാത്രമാണ്. മറുഭാഗത്ത് 46 മത്സരങ്ങളിൽ നിന്നും 41.7 ശരാശരിയിൽ 1543 റൺസ് നേടിയിട്ടുള്ള കെ എൽ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 143.67 ആണ്. ഐസിസി ടി20 റാങ്കിങിൽ മുന്നിലുള്ള ഇന്ത്യൻ ബാറ്റ്‌സ്മാനും കെ എൽ രാഹുലാണ്.

” ഒന്നോ രണ്ടോ ആഴ്‌ച്ചകൾക്ക് മുൻപ് സൂപ്പർസ്റ്റാറായി കാണുന്ന താരങ്ങളെ നമുക്ക് പെട്ടെന്ന് ദുർബലരായി തോന്നാറുണ്ട്. അതുതന്നെയാണ് രാഹുലിന് സംഭവിച്ചതും. പരമ്പരയിൽ ഇതിനോടകം രണ്ട് മത്സരങ്ങളിൽ അവൻ നിരാശപ്പെടുത്തി. കെ എൽ രാഹുൽ സമ്മർദ്ദം നേരിടുന്നുവെന്ന് നമുക്ക് കാണാം. ” സഞ്ജയ് മഞ്ചരേക്കാർ കൂട്ടിച്ചേർത്തു.