Skip to content

മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ കോഹ്ലി തന്നെ നയിക്കണം, കാരണം വ്യക്തമാക്കി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെ പോലെ സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയ്ക്ക് ആവശ്യമില്ലയെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റനാകാൻ യോഗ്യൻ വിരാട് കോഹ്ലി തന്നെയാണെന്ന് പറഞ്ഞ ലക്ഷ്മൺ സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇംഗ്ലണ്ടിന് ഗുണകരമായതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

വൈറ്റ് ബോൾ ക്രിക്കറ്റിലും റെഡ് ബോൾ ക്രിക്കറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ പരീക്ഷിച്ച് വിജയം കണ്ടെത്തിയ ടീമാണ് ഇംഗ്ലണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ മികച്ച ടീമാക്കി മാറ്റിയ മോർഗൻ 2019 ഏകദിന ലോകകപ്പും ഇംഗ്ലണ്ടിന് നേടികൊടുത്തിരുന്നു. എന്നാൽ ശക്തമായ ടീമിനെ ലഭിച്ചിട്ടും ഐസിസി ടൂർണമെന്റ് വിജയിക്കാൻ കോഹ്ലിയ്ക്ക് സാധിക്കാത്തതിന് പുറകെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഒരുകൂട്ടർ മുൻപോട്ട് വച്ചത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ 5 വട്ടം കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ കൂടിയാണ് രോഹിത് ശർമ്മ.

( Picture Source : Twitter / Bcci )

” ഇംഗ്ലണ്ടിന് സ്പിറ്റ് ക്യാപ്റ്റൻസി അനുയോജ്യമാണ്, കാരണം ടെസ്റ്റ് ക്യാപ്റ്റനായ ജോ റൂട്ട് ലിമിറ്റഡ് ഓവർ ടീമിൽ സ്ഥിരാംഗമല്ല, മറുഭാഗത്ത് ലിമിറ്റഡ് ഓവർ ക്യാപ്റ്റനായ ഓയിൻ മോർഗൻ ടെസ്റ്റ് ടീമിലുമില്ല. ക്യാപ്റ്റൻ മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളും മികച്ച താരവുമാണെങ്കിൽ അവൻ തന്നെയാകണം മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കേണ്ടത്. ” ലക്ഷ്മൺ പറഞ്ഞു.

” ക്യാപ്റ്റൻസി വിരാട് കോഹ്ലിയ്ക്ക് ബാധ്യതയല്ല, അവൻ ചുമതലകൾ ഇഷ്ടപെടുന്നു. ക്യാപ്റ്റൻസി അവന്റെ പ്രകടനത്തെ ബാധിക്കുന്നതുമില്ല. അതിനൊപ്പം തന്നെ മൂന്ന് ഫോർമാറ്റിലും അവൻ ടീമിലുണ്ട്. അതുകൊണ്ട് തന്നെ കോഹ്ലിയാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കേണ്ടത്. ” ലക്ഷ്മൺ കൂട്ടിച്ചേർത്തു.

” ഈ ചർച്ചകൾ യുക്തിപരമല്ല. ഈ ടീമിനെ വളർത്തിയെടുത്തത് വിരാട് കോഹ്ലിയാണ്. അവന്റെ പോസിറ്റിവിറ്റിയും കഠിന പ്രയത്നവുമാണ് ഇന്ത്യൻ ടീമിനെയും ഈ കാലഘട്ടത്തിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ക്രിക്കറ്റിനെ പ്രഫഷണലായി സമീപിക്കാൻ പ്രേരിപ്പിച്ചത്. ഒപ്പം രോഹിത് ശർമ്മയെയും അജിങ്ക്യ രഹാനെയും പോലെയുള്ള മുതിർന്ന താരങ്ങളെ ലഭിച്ചതിൽ കോഹ്ലി ഭാഗ്യവാനാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചുട്ടുണ്ടോ അപ്പോഴെല്ലാം ക്യാപ്റ്റൻസി മികവ് പുറത്തെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലീഡർഷിപ്പ് ഗ്രൂപ്പ് വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ അനാവശ്യമാണ്. ” ലക്ഷ്മൺ പറഞ്ഞു.

( Picture Source : Twitter / Bcci )