Skip to content

ഇംഗ്ലണ്ടിനെ കുരുക്കിയ ഇന്ത്യയുടെ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാര് ; വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

മത്സരത്തിലെ സമസ്ഥ മേഖലയിലും മേധാവിത്വം പുലർത്തിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ വിജയം നേടിയത്. മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിട്ടും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വമ്പൻ സ്കോർ നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യ തങ്ങളുടെ ബലഹീനത മനസ്സിലാക്കിയതായി മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ തുറന്നുസമ്മതിക്കുകയും ചെയ്തു.

( Picture Source : Twitter / Bcci )

സ്ലോ ബോളുകളിലൂടെയാണ് വമ്പൻ സ്കോറിലേക്ക് നീങ്ങുമെന്ന തോന്നിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയത്. അവസാന 5 ഓവറുകളിൽ വെറും 35 റൺസ് നേടാൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. ഇന്ത്യയ്ക്ക് മേൽകൈ സമ്മാനിച്ച ഈ സ്ലോ ബോൾ തന്ത്രത്തിന് പിന്നിലാരാണെന്ന് മത്സരശേഷം ഷാർദുൽ താക്കൂർ തുറന്നുപറയുകയും ചെയ്തു.

( Picture Source : Twitter / Bcci )

” ഭുവനേശ്വർ കുമാറാണ് ആദ്യ ഓവർ എറിഞ്ഞത്. ഉടനെ തന്നെ ക്യാപ്റ്റനോടും മറ്റു ബൗളർമാരോടും ബോൾ പിച്ചിൽ ഗ്രിപ്പ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് സ്ലോ ബോളുകൾ ഗുണകരമാകുമെന്നും പറഞ്ഞിരുന്നു. ” മത്സരശേഷം താക്കൂർ പറഞ്ഞു.

” ഉടനെ തന്നെ മത്സരത്തിലെ പ്ലാനുകളിൽ ഞങ്ങൾ മാറ്റംവരുത്തി. കൂടുതൽ സ്ലോ ബോളുകളെറിഞ്ഞാൽ ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടുമെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതുതന്നെ സംഭവിക്കുകയും ചെയ്തു. അവർ സ്ലോ ബോളുകളിൽ ഷോട്ടുകൾ കളിക്കാൻ ബുദ്ധിമുട്ടി. അതിനൊപ്പം തന്നെ വിക്കറ്റുകൾ നേടുവാനും ഞങ്ങൾക്ക് സാധിച്ചു. ” ഷാർദുൽ താക്കൂർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ നാലോവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റുകൾ ഷാർദുൽ താക്കൂർ നേടിയിരുന്നു. ഭുവനേശ്വർ കുമാറാകട്ടെ നാലോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടി20 പരമ്പരയോടെ ഭുവനേശ്വർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുന്നത്. ഭുവനേശ്വർ കുമാറിനൊപ്പം ജസ്പ്രീത് ബുംറയും ടി നടരാജനും തിരിച്ചെത്തിയാൽ ഇന്ത്യയെ നേരിടുകയെന്നത് എതിർ ടീം ബാറ്റ്‌സ്മാന്മാർക്ക് വലിയ വെല്ലുവിളിയാകും.

( Picture Source : Twitter / Bcci )