Skip to content

രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പണിങ് ഇറങ്ങണം ; തലപുകയ്ക്കുന്ന ചോദ്യത്തിന് മറുപടിയുമായി വിവിഎസ് ലക്ഷ്മണ്

ഇംഗ്ലണ്ടിനെതിരെ ആധികാരികമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ 3-1 ന് ഇന്ത്യ വിജയം നേടിയത്. ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ടി20, ഏകദിന പരമ്പരയാണ്. ഈ മാസം 12ന് 5മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാകും. ഇന്ത്യൻ മാനേജ്‌മെന്റിന് മുന്നിലുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ്,
രോഹിത് ശർമ്മയ്ക്കൊപ്പം ആരായിരിക്കണം ഓപ്പണിങ് ഇറങ്ങേണ്ടെന്നെതാണ്.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ പരിക്ക് കാരണം രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. കെഎൽ രാഹുലും ധവാനുമാണ് അന്ന് ഓപ്പണിങ് ഇറങ്ങിയത്. രോഹിത് ടീമിൽ എത്തിയതോടെയാണ് ഈ തലവേദനയായ ചോദ്യമുയർന്നിരിക്കുന്നത്. ഓപ്പണിങ്ങിനായി ഏത് സഖ്യത്തെ തിരഞ്ഞെടുക്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏതായാലും ഓപ്പണിങ്ങിൽ ഒരു ഭാഗത്ത് രോഹിത് ഉണ്ടാകുമെന്നത് ഉറപ്പാണ്. ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള രാഹുൽ മികച്ച ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണ്. ” രണ്ടാമത്തെ ഓപ്പണറുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചത് ഒരു കടുപ്പമേറിയ ചോദ്യമാണ്. ഒരു കാര്യത്തിൽ സംശയമില്ല, രോഹിത് ശർമ വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ ഒരു ഭാഗത്ത്‌ സ്ഥാനം നേടുമെന്നത്. മറുവശത്ത് ഞാൻ കെ‌എൽ രാഹുലിനെ തിരഞ്ഞെടുക്കും, കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ടീം മാനേജ്‌മെന്റ് കെ‌എൽ രാഹുലിനെയാണ് ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനായി പരിഗണിച്ചിരിക്കുന്നത്, അദ്ദേഹം ആ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ” ലക്ഷ്മൺ പറഞ്ഞു.

” കഴിഞ്ഞ ഐപിഎലിൽ ശിഖർ ധവാന്റെ മികച്ച സീസണായിരുന്നു, ഡൽഹിക്ക് വേണ്ടി സെഞ്ചുറി നേടുകയും, ടോപ്പ് ഓർഡറിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.
വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി നേടിയിട്ടുമുണ്ട്. കെ‌എൽ‌ രാഹുലിൽ‌ ഞാൻ‌ ഇപ്പോഴും വിശ്വാസം പ്രകടിപ്പിക്കും, കാരണം ഓപ്പണിങ് സഖ്യത്തിൽ നിങ്ങൾ‌ക്ക് സ്ഥിരതയുള്ള ഒരാളെയാണ് വേണ്ടത് ” ലക്ഷ്മൺ പറഞ്ഞു.

” ടി20 ലോകകപ്പ് അടുത്തിരിക്കെ, ആ ലോകകപ്പിൽ നിങ്ങളുടെ ഓപ്പണർമാർ ആരാണെന്ന് തിരിച്ചറിയുകയും അവരെ പിന്തുണയ്ക്കുകയും വേണം, ഇടയ്ക്കിടെ മാറ്റി പരീക്ഷിക്കരുത്. ഈ ഓപ്പണർമാരിൽ ഒരാളായ രോഹിത് ശർമ അല്ലെങ്കിൽ കെ എൽ രാഹുലിന് പരിക്കേൽക്കുകയോ ഫോം നഷ്ടപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് ബാക്കപ്പ് ഓപ്പണറാക്കാൻ കഴിയുന്ന ശിഖർ ധവാനെപ്പോലെ പരിചയസമ്പന്നനായ ഒരാളുണ്ട് ” ലക്ഷ്മൺ പറഞ്ഞു.