Skip to content

‘ ഒരാഴ്ചക്കിടെ എനിക്ക് 5 കിലോ ഭാരം കുറഞ്ഞു ‘ ; അവസാന ടെസ്റ്റിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സ്റ്റോക്‌സ്

അഹമ്മദാബാദിൽ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ താനും ടീമംഗങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സ്റ്റോക്‌സിന്റെ വെളിപ്പെടുത്തൽ. നിർണായക മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനും ദയനീയമായ പരാജയം ഏറ്റുവാങ്ങി കൊണ്ടായിരുന്നു ഇംഗ്ലണ്ട് മടങ്ങിയത്.

വയറ്റിലെ അസുഖത്തെത്തുടർന്ന് 41 ഡിഗ്രി ചൂടിൽ കളിക്കുന്നത് സീരീസ് ഫൈനലിൽ സന്ദർശകരെ വളരെയധികം ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവസാന ടെസ്റ്റിൽ ജോഫ്ര ആർച്ചറിനെ പരിക്കിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. ടീമിൽ പേസ് ബോളർമാരായി ഉണ്ടായിരുന്നത് സ്റ്റോക്‌സും ആന്ഡേഴ്സനും മാത്രമാണ്‌. കൂടുതൽ ഓവറുകൾ എറിയേണ്ടി വന്നതോടെ മത്സരത്തിനിടെ സ്റ്റോക്‌സ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

“ അഹമ്മദാബാദിൽ 41 ഡിഗ്രി ചൂടിൽ കളിക്കുക ഏറെ കഠിനമായിരുന്നു. നാലാം ടെസ്റ്റിനു മുൻപ് ഞങ്ങൾ കുറച്ചുപേർക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയും ചെയ്‌തു. ഒരാഴ്‌ചക്കിടെ ഞാൻ അഞ്ച് കിലോ കുറഞ്ഞു. ഡൊമിനിക് സിബ്‌ലി നാല് കിലോയും ജെയിംസ് ആൻഡേഴ്‌സൺ മൂന്ന് കിലോയും കുറഞ്ഞു. ജാക് ലീച് ഇടയ്‌ക്കിടെ ടോയ്‌ലറ്റിൽ പോകുകയായിരുന്നു,” സ്റ്റോക്‌സ് പറഞ്ഞു.

“ടെസ്റ്റ് തോൽവിക്ക് ഇതൊന്നും ന്യായീകരണമല്ല. എല്ലാവരും കളിക്കാൻ തയ്യാറായിരുന്നു. ഇന്ത്യയും പ്രത്യേകിച്ച് റിഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. പ്രതികൂല സാഹചര്യത്തിലും വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് വേണ്ടി പോരാടിയ എല്ലാ സഹതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.” സ്റ്റാേക്‌സ് കൂട്ടിച്ചേർത്തു.

കോഹ്ലിയെ പൂജ്യത്തിനും അർദ്ധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ ബാറ്റ് ചെയ്യുകയായിരുന്നു രോഹിതിനെയും പുറത്താക്കി മികച്ച പ്രകടനമാണ് ബോളിങ്ങിൽ സ്റ്റോക്‌സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ഓവർ ( 27.4 ) എറിഞ്ഞ സ്റ്റോക്‌സ് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു.