Skip to content

അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണെന്നും ടീമിന്റെ ബഞ്ച് സ്ട്രെങ്ത് വർധിപ്പിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളുടെ അഭാവത്തിൽ പകരക്കാരായി എത്തിയ മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ അടക്കമുള്ള താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുകയും വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

” നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വലിയ ജോലിയാണ് രാഹുൽ ദ്രാവിഡ് ചെയ്‌തുകൊണ്ടരിക്കുന്നത്. ഇക്കാര്യം ഞാൻ എപ്പോഴും പറഞ്ഞിട്ടുമുണ്ട്. നമ്മുടെ സെക്കൻഡ് സ്ട്രിങ് താരങ്ങളെ നോക്കുന്നത് അദ്ദേഹമാണ്. മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂറും വളരെ കഴിവുള്ള താരങ്ങളാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചുവോ അപ്പോഴെല്ലാം മികച്ച പ്രകടനം അവർ പുറത്തെടുത്തു. ” സൗരവ്‌ ഗാംഗുലി പറഞ്ഞു.

” ബുംറയെ കുറച്ചുവർഷങ്ങളായി നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവനില്ലാതെ പോലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവരാണ് ടീമിലുണ്ടായിരുന്നത്, ഇഷാന്ത് ശർമ്മയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ നമുക്ക് സാധിച്ചു. അത് അവിസ്മരണീയമാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

നാലാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റിഷാബ് പന്തിനെയും സൗരവ് ഗാംഗുലി പ്രശംസിച്ചു.

” റിഷാബ് പന്തിനെ എനിക്ക് അടുത്തറിയാം. മാച്ച് വിന്നർമാരെ ഞാൻ എപ്പോഴും വിശ്വസിക്കുന്നു. അവരുടെ ദിവസമാണെങ്കിൽ ഉറപ്പായും അവർ ടീമിനെ മറ്റാരുടെയും സഹായമില്ലാതെ ടീമിനെ വിജയത്തിലെത്തിക്കും. ഒരു പക്ഷെ സിഡ്‌നി ടെസ്റ്റിൽ അഞ്ചോ ആറോ ഓവർ കൂടെ നിന്നിരുന്നുവെങ്കിൽ ഇന്ത്യ മത്സരത്തിൽ വിജയിച്ചേനെ. അവൻ ഗെയിം ചേഞ്ചറാണ്, ഞാൻ മാച്ച് വിന്നർമാരെ ഇഷ്ട്ടപെടുന്നയാളാണ്. എന്റെ സമയത്ത് ഞങ്ങൾക്ക് സെവാഗും, ധോണിയും യുവരാജ് സിങ്ങുമുണ്ടായിരുന്നു. ” സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.