Skip to content

അവിശ്വസനീയ ഫോമിൽ കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്തി ദേവ്ദത്ത് പടിക്കലും

വിജയ് ഹസാരെ ട്രോഫിയിൽ തന്റെ അവിശ്വസനീയ ഫോം തുടരുകയാണ് കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് പടിക്കൽ. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെയാണ് വീണ്ടും സെഞ്ച്വറി നേടിയത്. തുടർച്ചയായി നാലാം സെഞ്ചുറി നേട്ടമാണിത്.

ഈ സീസണിൽ നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ റെയില്‍വേസിനെതിരേയും (145), കേരളത്തിനെതിരേയും (126), ഒഡിഷയ്ക്കെതിരേ (152)യും പടിക്കല്‍ സെഞ്ച്വറി നേടിയിരുന്നു. ഒരു മത്സരത്തിൽ 97 റൺസിലും പടിക്കൽ പുറത്തായിട്ടുണ്ട്.

കേരളത്തിനെതിരേ 119 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഒപ്പം ഈ സീസണിൽ 600 റൺസ് കടന്നിരിക്കുകയാണ്.
ഇതിനോടകം 6 മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 673 റണ്‍സാണ് അടിച്ചെടുത്തത്. 61 ഫോറും 20 സിക്‌സും ദേവ്ദത്ത് ഇതിനോടകം അടിച്ചു കഴിഞ്ഞു.

ഈ സീസണിലെ 4 സെഞ്ചുറി നേട്ടത്തോടെ കോഹ്‌ലിയുടെ റെക്കോർഡിനോപ്പം പടിക്കലും. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡിലാണ് ഒപ്പമെത്തിയിരിക്കുന്നത്.
2008-09 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലാണ് വിരാട് കോലി നാല് സെഞ്ച്വറി നേടിയത്.

ഏഴ് ഇന്നിംഗ്‌സിൽ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം. 534 റൺസാണ് അന്ന് അടിച്ചു കൂട്ടിയത്. കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ ടൂർണമെന്‍റിൽ കർണാടകത്തിന് ഇനിയും മത്സരങ്ങൾ ലഭിക്കും. ഇതിൽ ഒരു സെഞ്ച്വറി കൂടി നേടി കോഹ്ലിയെ മറികടക്കാമെന്ന ചരിത്ര നേട്ടമാണ് ദേവ്ദത്ത് പടിക്കലിനെ കാത്തിരിക്കുന്നത്. ഐപിഎലിൽ ഇരുവരും ആർസിബിക്ക് വേണ്ടി ഒരുമിച്ചാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവും റൺസ് നേടുന്ന താരമായും പടിക്കൽ മാറിയിരുന്നു.