Skip to content

ഇവിടെ വന്ന് പരമ്പര വിജയിക്കൂ, ഇന്ത്യയെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനും പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

മൂന്നാം മത്സരത്തിന് പരാജയത്തിന് പുറകെ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ചും പരിഹസിച്ചും മൈക്കൽ വോൺ രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും എന്നാൽ ഇംഗ്ലണ്ടിൽ വന്ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഈ കാലഘട്ടത്തിലെ മികച്ച ടീം ഇന്ത്യയാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും ട്വിറ്ററിൽ വോൺ കുറിച്ചു.

” ഇന്ത്യ വളരെ ശക്തരാണ്, കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിൽ അവർ ഇന്ത്യയെ പൂർണമായും തകർത്തു. ഇനി ഇംഗ്ലണ്ടിൽ വിജയിക്കാൻ സാധിക്കുമെങ്കിൽ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഉറപ്പിക്കാം. എന്നാൽ അതിനവർ കുറെയേറെ വിയർപ്പൊഴുക്കേണ്ടിവരും ” വോൺ കുറിച്ചു.

ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ശേഷമാണ് തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. നാലാം മത്സരത്തിലെ വിജയത്തോടെ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പ്രവേശിച്ചു. ജൂൺ 18 ന് നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി.

മത്സരത്തിലെ വിജയത്തോടെ ന്യൂസിലാൻഡിനെ പിന്നിലാക്കി ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

മാർച്ച് 12 നാണ് പര്യടനത്തിലെ ലിമിറ്റഡ് ഓവർ മത്സരങ്ങൾ ആരംഭിക്കുന്നത്. മാർച്ച് 12 ന് 5 മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കും. മാർച്ച് 23 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

( Picture Source : Twitter / bcci )