Skip to content

ക്യാപ്റ്റൻസി റെക്കോർഡിൽ സാക്ഷാൽ സ്റ്റീവ് വോയെ പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനും ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു. നാലാം മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോയെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പിന്നിലാക്കുകയും ചെയ്തു.

ഇന്ത്യൻ മണ്ണിൽ കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന 23 ആം വിജയമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റനെന്ന നേട്ടത്തിൽ സ്റ്റീവ് വോയെ പിന്നിലാക്കി കോഹ്ലി മൂന്നാം സ്ഥാനത്തെത്തി.

22 ഹോം ടെസ്റ്റുകളിൽ ഓസ്‌ട്രേലിയയെ സ്റ്റീവ് വോ വിജയത്തിലെത്തിച്ചിട്ടുണ്ട്. മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് എന്നിവരാണ് ഇനി കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ

  1. ഗ്രെയിം സ്മിത്ത് – 30
  2. റിക്കി പോണ്ടിങ് – 29
  3. വിരാട് കോഹ്ലി – 23 *
  4. സ്റ്റീവ് വോ – 22

നേരത്തെ മൂന്നാം മത്സരത്തിലെ വിജയത്തോടെ ഏറ്റവും കൂടുതൽ ഹോം ടെസ്റ്റുകളിൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയെ കോഹ്ലി പിന്നിലാക്കിയിരുന്നു. ഹോമിൽ 2 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.

ഹോമിൽ കോഹ്ലിയുടെ കീഴിൽ ഇത് തുടർച്ചയായ പത്താം തവണയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. ഇതോടെ ഹോമിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് പരമ്പര നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം കോഹ്ലിയെത്തി.

മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.