Skip to content

പരമ്പരയിൽ തിരിച്ചെത്താൻ സഹായിച്ചത് അവന്റെ ആ ഇന്നിങ്സ്, ഹിറ്റ്മാനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തിരിച്ചെത്താൻ സഹായിച്ചത് രണ്ടാം മത്സരത്തിലെ രോഹിത് ശർമ്മയുടെ സെഞ്ചുറിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ശേഷമാണ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയതും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയതും.

ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 231 പന്തിൽ 161 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് 317 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിച്ചത്.

” രോഹിതിന്റെ പ്രകടനമാണ് പരമ്പരയിലേക്ക് തിരിച്ചെത്താൻ ഞങ്ങളെ സഹായിച്ചത്. ആ പിച്ചിൽ 160 റൺസ് നേടുകയെന്നത് ഒരു മികച്ച പിച്ചിൽ 250 റൺസ് നേടുന്നതിന് സമമാണ്. ” വിരാട് കോഹ്ലി പറഞ്ഞു.

” തീർച്ചയായും അതവന്റെ ടെസ്റ്റ് കരിയറിലെ മികച്ച ഇന്നിങ്സുകളിലൊന്നാണ്. ഒരു ടീമെന്ന നിലയിൽ പോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള ഊർജം നൽകിയത് രോഹിതിന്റെ ആ പ്രകടനമാണ്. അതൊരു അവിസ്മരണീയമായ ഇന്നിങ്‌സ് തന്നെയായിരുന്നു. ടോപ്പ് ഓർഡറിൽ മികച്ച പ്രകടനമാണ് അവൻ കാഴ്ച്ചവെച്ചത്. ” കോഹ്ലി കൂട്ടിച്ചേർത്തു.

” പരമ്പരയിലുടനീളം മികച്ച പ്രകടനവും നിർണായക കൂട്ടുകെട്ടും അവൻ ഞങ്ങൾക്ക് നൽകി. മൂന്നക്കം നേടാൻ സാധിക്കാത്തതിനാൽ അത് ചിലപ്പോൾ ശ്രദ്ധിക്കാതെ പോകാം, ഒരു സെഞ്ചുറി അവൻ നേടി, എന്നാൽ അതിനൊപ്പം അവന്റെ മറ്റു പ്രകടനങ്ങളും നിർണായകമായിരുന്നു. ” കോഹ്ലി അഭിനന്ദിച്ചു.

നാല് മത്സരങ്ങളിൽ നിന്നും 57.50 ശരാശരിയിൽ 345 റൺസ് നേടിയ രോഹിത് ശർമ്മയാണ് പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ് നേടിയ രോഹിത് ശർമ്മ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസും പൂർത്തിയാക്കിയിരുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് നേടുന്ന ആദ്യ ഓപ്പണിങ് ബാറ്റ്‌സ്മാനും രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും കൂടിയാണ് രോഹിത് ശർമ്മ. അജിങ്ക്യ രഹാനെയാണ് രോഹിത് ശർമ്മയെ കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാല് സെഞ്ചുറിയും രോഹിത് ശർമ്മ നേടി. ഓസ്‌ട്രേലിയൻ ബട്ട സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ നാല് സെഞ്ചുറി നേടിയിട്ടുള്ള മറ്റു ബാറ്റ്‌സ്മാന്മാർ. 5 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ.