Skip to content

സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-1 ന് വിജയിച്ച പരമ്പരയിൽ മാൻ ഓഫ് ദി സിരീസ് അവാർഡ് നേടിയതും രവിചന്ദ്രൻ അശ്വിനായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ എട്ട് വിക്കറ്റുകൾ നേടിയ അശ്വിൻ മറ്റൊരു ഇന്ത്യൻ ബൗളർക്കും നേടാൻ സാധിക്കാത്ത തകർപ്പൻ റെക്കോർഡും സ്വന്തമാക്കി.

പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നുമായി 32 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് പരമ്പരയിൽ 30 ലധികം വിക്കറ്റുകൾ അശ്വിൻ നേടുന്നത്.

ഇതോടെ ഒന്നിലധികം ടെസ്റ്റ് പരമ്പരയിൽ 30 ലധികം വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി. ഇതിനുമുൻപ് 2015 ൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലും അശ്വിൻ 32 വിക്കറ്റുകൾ നേടിയിരുന്നു.

ബിഷൻ സിങ് ബേദി, ബി എസ് ചന്ദ്രശേഖർ, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവർ ഓരോ തവണ ടെസ്റ്റ് പരമ്പരയിൽ 30 വിക്കറ്റ് നേടിയിട്ടുണ്ട്.

നേരത്തെ പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് അശ്വിൻ.

നാലാം മത്സരത്തിൽ 8 വിക്കറ്റുകൾ കൂടെ നേടിയതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ മുൻ വെസ്റ്റിൻഡീസ് ബൗളർ കേർട്ലി ആംബ്രോസിനെ അശ്വിൻ പിന്നിലാക്കി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് അശ്വിൻ.

പരമ്പരയിൽ ബാറ്റിങിലും അശ്വിൻ മികവ് പുറത്തെടുത്തു. നാല് മത്സരങ്ങളിൽ നിന്നും 31.50 ശരാശരിയിൽ 189 റൺസ് നേടിയ അശ്വിനാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്മാൻ.