Skip to content

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീം ഇതല്ല, സുനിൽ ഗാവസ്‌കറെ തിരുത്തി, മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ

നിലവിലെ ഇന്ത്യൻ ടീം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമല്ലയെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ്, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ എന്നീ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാൻ സാധിക്കുകയില്ലെന്നും മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ.

നിലവിലെ ടീമാണ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറുടെ അഭിപ്രായത്തിന് മറുപടി നൽകുകയായിരുന്നു ഗ്രെയിം സ്വാൻ.

2012 ന് ശേഷം ഒരു ഹോം ടെസ്റ്റ് പരമ്പരയിൽ പോലും ഇന്ത്യ പരാജയപെട്ടിട്ടില്ല. കൂടാതെ തുടർച്ചയായി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടാനും നിലവിലെ ഇന്ത്യൻ ടീമിന് സാധിച്ചു. എന്നിരുന്നാലും നിലവിലെ ഇന്ത്യൻ ടീമിനേക്കാൾ മികച്ചത് 2012 ലെ ഇന്ത്യൻ ടീമാണെന്നാണ് സ്വാൻ അഭിപ്രായപെട്ടത്.

” 2012 ൽ ഞാനെതിരെ കളിച്ച ഇന്ത്യൻ ടീം ഇതിനേക്കാൾ ശക്തരായിരുന്നു. ഞങ്ങളവരെ എങ്ങനെ പരാജയപെടുത്തിയെന്ന് ഞങ്ങൾക്ക് ഇപ്പോഴുമറിയില്ല. അവരുടെ ക്യാപ്റ്റനും ടീമംഗങ്ങളും വളരെ ശക്തരായിരുന്നു. ” സ്വാൻ പറഞ്ഞു.

ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണെങ്കിൽ കൂടിയും കോഹ്ലിയെ ഇതിഹാസ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ലെന്നും സ്വാൻ അഭിപ്രായപെട്ടു.

” ക്ലൈവ് ലോയ്ഡും സ്റ്റീവ് വോയുമടങ്ങുന്ന പട്ടികയിലേക്ക് വിരാട് കോഹ്ലിയെ ഉൾപ്പെടുത്താൻ സാധിക്കില്ല. കാരണം ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻസി മികവ് വിലയിരുത്തപെടുന്നത്. ” സ്വാൻ പറഞ്ഞു.

” നിലവിലെ ഇന്ത്യൻ ടീം മികച്ചതാണ്. എന്നാൽ 2 മാസങ്ങൾക്ക് മുൻപ് അവർ പരാജയപെടുത്തിയ ഓസ്‌ട്രേലിയൻ ടീം ശക്തരാണെന്ന് എനിക്ക് തോന്നുന്നില്ല. കോഹ്ലി മികച്ച ക്യാപ്റ്റനാണ്, ശക്തമായ ടീം അവന്റെ കീഴിലുണ്ട്, തീർച്ചയായും കോഹ്ലി എക്കാലത്തെയും മഹാന്മാരിൽ ഒരാളാകാൻ സാധ്യതയുയുണ്ട്. ” ഗ്രെയിം സ്വാൻ കൂട്ടിച്ചേർത്തു.