Skip to content

ഗില്ലിന്റെ വിക്കറ്റ്, ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡിനൊപ്പമെത്തി ജെയിംസ് ആൻഡേഴ്സൺ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ജെയിംസ് ആൻഡേഴ്സൺ. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ മൂന്നാം പന്തിലാണ് ഗില്ലിനെ ആൻഡേഴ്സൺ വീഴ്ത്തിയത്. മൂന്ന് പന്തുകൾ നേരിട്ട ഗില്ലിന് റൺസൊന്നും നേടാനും സാധിച്ചിരുന്നില്ല.

ഗില്ലിന്റെ വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ബാറ്റ്‌സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ ബൗളറെന്ന നേട്ടത്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പം ആൻഡേഴ്സനെത്തി.

ടെസ്റ്റിൽ 104 ബാറ്റ്‌സ്മാന്മാരെ മഗ്രാത്തും ആൻഡേഴ്സണും പൂജ്യത്തിന് പുറത്താക്കിയിട്ടുണ്ട്. 102 തവണ ബാറ്റ്‌സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയിട്ടുള്ള മുത്തയ്യ മുരളീധരനും ഷെയ്ൻ വോണുമാണ് ഇരുവർക്കും പിന്നിലുള്ളത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ ബാറ്റ്‌സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയിട്ടുള്ള ബൗളർമാർ

  1. ജെയിംസ് ആൻഡേഴ്സൺ – 104 *
  2. ഗ്ലെൻ മഗ്രാത്ത് – 104
  3. ഷെയ്ൻ വോൺ – 102
  4. മുത്തയ്യ മുരളീധരൻ – 102
  5. ഡെയ്ൽ സ്റ്റെയ്ൻ – 83

ആദ്യ ദിനത്തിൽ 5 ഓവറുകളെറിഞ്ഞ ആൻഡേഴ്സൺ റണ്ണൊന്നും വഴങ്ങാതെയാണ് ഒരു വിക്കറ്റ് നേടിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് നേടിയിട്ടുണ്ട്. 8 റൺസ് നേടിയ രോഹിത് ശർമ്മയും 15 റൺസ് നേടിയ ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 205 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. മൊഹമ്മദ് സിറാജ് 2 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ് 55 റൺസും ഡാനിയേൽ ലോറൻസ് 46 റൺസും നേടി.