Skip to content

ബുംറയ്ക്കൊപ്പം നാണക്കേടിന്റെ റെക്കോർഡിൽ കോഹ്‌ലിയും ; ഫോം കണ്ടെത്താനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. വീണ്ടും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സ്വഭാവം കാഴ്ചവെച്ച പിച്ചില്‍ ഇന്ത്യക്കായി എട്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടാനായത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ട്ടത്തിൽ 80 റൺസാണ്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പായി രഹാനെയെയും നഷ്ട്ടപ്പെട്ടതോടെ ഇന്ത്യ സമ്മർദ്ദത്തിലാണ്. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ഗില്ലിനെ നഷ്ട്ടമായിരുന്നു, പിന്നാലെ പുജാരയും രോഹിതും ചേർന്നാണ് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്. ടീം സ്‌കോർ 40ൽ നിൽക്കെ ഇന്ത്യയ്ക്ക് പൂജാരയെയും നഷ്ട്ടമായി.

പിന്നാലെ ക്രീസിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയെ നേരിട്ട എട്ടാം പന്തിൽ സ്റ്റോക്‌സ് പൂജ്യത്തിൽ പുറത്താക്കുകയായിരുന്നു. കോഹ്ലിയെ ഫോക്സിന്റെ കൈകളിലെത്തിച്ചാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത്. ഈ സീരീസിൽ രണ്ടാം തവണയാണ് കോഹ്ലി പൂജ്യത്തിൽ പുറത്താവുന്നത്. ഇതോടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡിൽ കൂടി ഇടം പിടിച്ചിരിക്കുകയാണ് കോഹ്ലി.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പുറത്തായ ഇന്ത്യൻ താരങ്ങളിൽ ബുംറയ്ക്കൊപ്പം കോഹ്‌ലിയും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 4 തവണയാണ് ഇരുവരും പൂജ്യത്തിൽ പുറത്തായത്. 3 പൂജ്യവുമായി ഷമി ലിസ്റ്റിൽ രണ്ടാമതാണ്.
ഈ സീരീസിൽ മൊയീൻ അലിയും സ്റ്റോക്സുമാണ് കോഹ്ലിയെ പൂജ്യത്തിൽ പുറത്താക്കിയത്.

ഈ സീരീസിൽ 6 ഇന്നിംഗ്‌സിൽ നിന്നായി വെറും 28 ആവേറേജിൽ 172 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. 2 തവണ അർദ്ധ സെഞ്ചുറി നേടിയിരുന്നുവെങ്കിലും അത് സെഞ്ചുറിയാക്കി മാറ്റുന്നതിൽ വീണ്ടും കോഹ്ലി പരാജയപ്പെടുകയായിരുന്നു. അവസാനമായി കോഹ്ലി അന്താരാഷ്ട്ര സെഞ്ചുറി നേടിയത് 2019ലാണ്.