Skip to content

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തോടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

അഹമ്മദാബാദിൽ ടോസിനായി ഗ്രൗണ്ടിലെത്തിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയ്ക്കൊപ്പം കോഹ്ലിയെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇരുവരും 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഇതുവരെ നയിച്ച 59 ൽ 35 മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കോഹ്ലിക്ക് സാധിച്ചു. 14 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. സ്വന്തം നാട്ടിലാകട്ടെ 2 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലി ക്യാപ്റ്റനായിരിക്കെ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.

മറുഭാഗത്ത് എം എസ് ധോണിയുടെ കീഴിൽ 60 ൽ 27 മത്സരങ്ങളിൽ ഇന്ത്യ വിജയിക്കുകയും 18 മത്സരങ്ങളിൽ പരാജയപെടുകയും ചെയ്തിട്ടുണ്ട്. 15 മത്സരങ്ങൾ ധോണി ക്യാപ്റ്റനായിരിക്കെ സമനിലയിൽ കലാശിച്ചു.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്മാർ

  1. വിരാട് കോഹ്ലി – 60 *
  2. എം എസ് ധോണി – 60
  3. സൗരവ്‌ ഗാംഗുലി – 49
  4. മൊഹമ്മദ് അസറുദ്ദീൻ – 47
  5. സുനിൽ ഗാവസ്‌കർ – 47

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഹോമിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയെ കോഹ്ലി പിന്നിലാക്കിയിരുന്നു.

ഈ മത്സരത്തിൽ വിജയിക്കാനായാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന നാലാമത്തെ ക്യാപ്റ്റനെന്ന നേട്ടത്തിൽ മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിനൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിക്കും.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ

  1. ഗ്രെയിം സ്മിത്ത് – 53
  2. റിക്കി പോണ്ടിങ് – 48
  3. സ്റ്റീവ് വോ – 41
  4. ക്ലൈവ് ലോയ്ഡ് – 36
  5. വിരാട് കോഹ്ലി – 35 *
  6. അലൻ ബോർഡർ – 32