Skip to content

ഞങ്ങൾ കളിക്കുന്നത് മത്സരം 5 ദിവസം നീണ്ടുനിൽക്കാൻ വേണ്ടിയല്ല, വിജയിക്കാൻ വേണ്ടിയാണ്, വിമർശകർക്ക് തകർപ്പൻ മറുപടി നൽകി വിരാട് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം മത്സരം 2 ദിവസം കൊണ്ട് അവസാനിച്ചതിൽ വിമർശനമുന്നയിച്ചവർക്ക് തകർപ്പൻ നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ നാലാം മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് വിമർശകർക്ക് കോഹ്ലി മറുപടി നൽകിയത്.

” നിങ്ങൾ കളിക്കുന്നത് മത്സരം 5 ദിവസം നീണ്ടുനിൽക്കാനോ അതോ വിജയിക്കാനോ അതോ ആസ്വാദനത്തിന് വേണ്ടിയോ ? ഞങ്ങൾ കളിക്കുന്നത് വിജയിക്കുവാൻ വേണ്ടിയാണ്, എനിക്ക് റൺസ് നേടാനോ, പുജാരയ്ക്കോ രോഹിത് ശർമ്മയ്ക്കോ അതോ രഹാനെയ്ക്കോ റൺസ് നേടാനും വേണ്ടിയല്ല. ആളുകൾ മത്സരം ആസ്വദിച്ചത് ഇന്ത്യ വിജയിച്ചതുകൊണ്ടാണ്. മത്സരം എത്ര ദിവസം നീണ്ടുനിന്നുവെന്നതിൽ പ്രസക്തിയില്ല. ” കോഹ്ലി പറഞ്ഞു.

” കഴിഞ്ഞ മത്സരങ്ങളിൽ റൺസ് സ്കോർ ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ഒരു മത്സരത്തിന്റെ പേരിൽ കുറ്റപെടുത്തുന്നത് ശരിയല്ല. എല്ലാ ടെസ്റ്റ് മത്സരവും രണ്ട് ദിവസം കൊണ്ട് അവസാനിക്കുകയില്ല. ഒരു ടീം വളരെ മോശമായി കളിക്കുമ്പോൾ മാത്രമാണ് മത്സരം പെട്ടെന്ന് അവസാനിക്കുന്നത്. ” കോഹ്ലി കൂട്ടിച്ചേർത്തു.

” കാര്യങ്ങൾ വ്യക്തനായി മനസ്സിലാക്കൂ. ഒരേ ആരോപണം ഒന്നിൽ കൂടുതൽ തവണ ഉയർത്താൻ എളുപ്പമാണ്. എന്നാൽ ഒരിക്കലെങ്കിലും അതിനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ വിവാദങ്ങൾ അവസാനിക്കും. വിവാദങ്ങൾക്ക് വിശദീകരണം നൽകുവാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. ” കോഹ്ലി പറഞ്ഞു.

” ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ സ്വാധീനം മൂലം ടെസ്റ്റിൽ കൂടുതൽ മത്സരങ്ങളിൽ ഫലമുണ്ടാകുന്നു. ഡിഫൻസിലെ വിട്ടുവീഴ്ചയാണ് അതിനുപിന്നിലെ കാരണം. ഇപ്പോൾ ടീമുകൾ വളരെ പെട്ടെന്ന് സ്കോർബോർഡിൽ 350 ലധികം റൺസ് നേടാൻ ശ്രമിക്കുന്നു. പരമ്പരാഗത രീതിയിൽ വളരെയധികം മാറ്റം വന്നു. ടീമുകൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല. വ്യത്യസ്ത ഫോർമറ്റുകളിൽ താരങ്ങൾ കളിക്കുന്നതിനാൽ ടെസ്റ്റ് ക്രിക്കറ്റും ഇപ്പോൾ വേഗത്തിലായി. ” കോഹ്ലി പറഞ്ഞു.

നാലാം ടെസ്റ്റിൽ വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ പരമ്പര നേടുന്നതിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിക്കും.