Skip to content

അഹമ്മദാബാദ് പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണം, വിമർശനവുമായി ഇൻസമാം ഉൾ ഹഖ്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിന് ഒരു തരത്തിലും യോജിച്ച പിച്ചായിരുന്നില്ല അഹമ്മദാബാദിലെന്നും ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

” വെറും 6 ഓവറിൽ ജോ റൂട്ട് 5 വിക്കറ്റ് നേടുകയാണെങ്കിൽ ആ പിച്ചിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാക്കാം. പിന്നെന്തിനാണ് ഞാൻ അശ്വിനെയും അക്ഷർ പട്ടേലിനെയും അഭിനന്ദിക്കുന്നത്. ടെസ്റ്റ് മത്സരത്തിൽ ഒരുപാട് പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്. മത്സരം നടക്കുന്ന വേദി, അമ്പയർമാർ, റഫറി, അതിനൊപ്പം തന്നെ പിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ടെസ്റ്റ് മത്സരം ടെസ്റ്റ് മത്സരം തന്നെയായിരിക്കണം. ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

1935 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഏഴാമത്തെ മത്സരം കൂടിയായിരുന്നു ഇത്.

” ടി20 മത്സരങ്ങളിലെ സ്കോർബോർഡ് അഹമ്മദാബാദിലെ മത്സരത്തിനേക്കാൾ ഭേദമാണ്. ഐസിസി ഇതിനെതിരെ തീർച്ചയായും നടപടിയെടുക്കണം. ഒരു ടെസ്റ്റ് മത്സരം രണ്ട് ദിവസം നീണ്ടുനിൽക്കാൻ സാധിക്കുന്നില്ലയെങ്കിൽ ഇതെന്തൊരു വിക്കറ്റാണ്. ഒരു ദിവസത്തിനുള്ളിൽ തന്നെ 17 വിക്കറ്റുകൾ വീണു, നമ്മൾ എന്താണ് ഇവിടെ കളിക്കുന്നത്. ” ഇൻസമാം വിമർശിച്ചു.

” തീർച്ചയായും ഹോമിലെ ആനുകൂല്യം നിങ്ങൾക്ക് ഉപയോഗിക്കാം, സ്പിന്നിങ് ട്രാക്കുകളും ഉണ്ടാക്കാം. എന്നാൽ ഇത്തരത്തിലുള്ള പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമില്ല. ” മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

” ഇത്രയും ചുരുങ്ങിയ ടെസ്റ്റ് മത്സരം മുൻപെങ്ങും കണ്ടതായി ഞാൻ ഓർക്കുന്നില്ല. ഇന്ത്യ മത്സരത്തിൽ നന്നായി കളിച്ചുവോ അതോ ഇത് വിക്കറ്റിന്റെ സ്വഭാവമാണോ ? എന്തുതന്നെയായാലും ഇത്തരം പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് അഭികാമ്യമല്ല. ” ഇൻസമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു.