Skip to content

നാലാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടാലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചേക്കും ; ഓസ്‌ട്രേലിയയ്ക്ക് സൗത്ത് ആഫ്രിക്കയുടെ വക എട്ടിന്റെ പണി

നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും ജൂണിൽ ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടക്കാൻ പോകുന്ന വേൾഡ്‌ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യുസിലാന്റിന്റെ എതിരാളിയെ തീരുമാനിക്കുക. മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി പരമ്പര നേടിയാൽ ഇന്ത്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാം.

എന്നാൽ ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രതീക്ഷകൾ നേരെത്തെ അസ്തമിച്ചിരുന്നു.
ഇംഗ്ലണ്ട് വിജയം നേടി പരമ്പര സമനിലയിൽ പിടിച്ചാൽ ഗുണം ചെയ്യുക ഓസ്‌ട്രേലിയയ്ക്കായിരിക്കും. ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാം. ഇതായിരുന്നു നേരത്തെയുണ്ടായിരുന്ന സാഹചര്യങ്ങൾ.

എന്നാൽ ഓസ്‌ട്രേലിയയുടെ ഈ സാധ്യതകൾക്ക് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ പരാജയപ്പെട്ടാലും ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ പ്രവേശിച്ചേക്കും.

അടുത്തിടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറിയത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഓസ്ട്രേലിയൻ പിൻമാറിയതോടെ അവരുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് വെട്ടിക്കുറയ്ക്കണമെന്നും തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്.

പരാതി പരിഗണിച്ച് ഐസിസി ഓസ്ട്രേലിയക്ക് പ്രതികൂലമായ തീരുമാനമെടുത്താൽ ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ഫൈനൽ തന്നെ നടക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.