Skip to content

‘ അവിടെ പണത്തിനാണ് പ്രാധാന്യം ‘ , ഐപിഎൽ ഒഴിവാക്കി പാകിസ്ഥാൻ സൂപ്പർ ലീഗ് കളിക്കാനുള്ള കാരണം വെളിപ്പെടുത്തി സ്റ്റെയ്ൻ

ഈ വർഷം ജനുവരിയിൽ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ആം സീസണിൽ നിന്ന് പിന്മാറുകയാണെന്നും എന്നാൽ മറ്റ് ലീഗുകൾ കളിക്കുമെന്നും അറിയിച്ചിരുന്നു. സ്റ്റെയിന്റെ പ്രായവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രകടനത്തിലെ മങ്ങലും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നില്ല.

എന്നിരുന്നാലും, ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ഇന്നും വലിയ പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിവുള്ള താരമാണ്. വിരാട് കോഹ്‌ലിയുടെ കീഴിൽ ആർസിബിക്ക് വേണ്ടിയാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. നല്ല രീതിയിൽ റൺസ് വഴങ്ങിയ സ്റ്റെയ്ൻ 13ആം സീസണിൽ മിക്ക മത്സരങ്ങളിലും ബെഞ്ചിലായിരുന്നു.

കഴിഞ്ഞ നാല് സീസണുകളിൽ സ്റ്റെയ്ൻ ആകെ കളിച്ചത് 12 മത്സരങ്ങളാണ്.അതേസമയം കഴിഞ്ഞ സീസണിൽ വെറും 3 മത്സരങ്ങളിലാണ് സ്റ്റെയ്ൻ പങ്കെടുത്തത്. ഒടുവിൽ 37കാരനായ സ്റ്റെയ്ൻ ഈ വർഷത്തെ ഐ‌പി‌എലിൽ നിന്ന് സ്വയം ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎലിൽ ഒരു കളിക്കാരന്റെ പ്രൈസ് ടാഗിനാണ് മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യം അർഹിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്രിക്കറ്റിനല്ല പ്രാധാന്യം, പണത്തിന്റെ കളിയാണ് നടക്കുന്നതെന്നും പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ലങ്കാ പ്രീമിയര്‍ ലീഗിലും ക്രിക്കറ്റിനാണ് മുഖ്യ പരിഗണന ലഭിക്കുന്നതെന്നും അതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് സ്റ്റെയ്ൻ വെളിപ്പെടുത്തിയത്.

” സത്യം പറഞ്ഞാൽ ഐപിഎല്ലിനെക്കാള്‍ നല്ലത് മറ്റ് ലീഗ് മത്സരങ്ങള്‍ കളിക്കുന്നതാണെന്നാണ് ഒരു താരമെന്ന നിലയില്‍ എനിക്ക് തോന്നുന്നത്. ഐപിഎല്ലിലേക്ക് എത്തുമ്ബോള്‍ വലിയ താരങ്ങളെയും വലിയ ടീമുകളെയും കാണാം. അവിടെ ചിലപ്പോള്‍ പണം കൂടുതല്‍ ലഭിച്ചവരുടെ വേര്‍തിരിവ് കാണാന്‍ സാധിക്കും. ക്രിക്കറ്റിനെക്കുറിച്ച്‌ മറക്കുകയാണ് അവര്‍ ചെയ്യുന്നത് ” സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.