Skip to content

ഭയപ്പെടാതെ മികച്ച പിച്ചുകളൊരുക്കൂ, ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് നടന്ന അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. 2 ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തിന് പുറകെ നിരവധി മുൻ താരങ്ങൾ പിച്ചിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഷൊഹൈബ് അക്തർ.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പിച്ചിനെ പറ്റിയുള്ള അഭിപ്രായം അക്തർ തുറന്നുപറഞ്ഞത്. ഇത്തരത്തിലുള്ള പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലയെന്നും പരാജയപെടുമെന്ന് ഭയപെടാതെ മികച്ച പിച്ചുകൾ ഒരുക്കാൻ ഇന്ത്യ തയ്യാറാകണമെന്നും അക്തർ പറഞ്ഞു.

” ഇത്തരം വിക്കറ്റുകളാണോ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടത് ? അല്ലേയല്ല. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ടേണും, ഒപ്പം വെറും രണ്ടുദിവസം മാത്രം ദൈർഘ്യവും ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമാകില്ല. ” അക്തർ പറഞ്ഞു.

” സ്വന്തം നാട്ടിലെ സാഹചര്യം മുതലെടുക്കാം, എന്നാലത് അധികമാകരുത്. ഇന്ത്യ 400 റൺസ് നേടുകയും ഇംഗ്ലണ്ട് 200 ന് പുറത്താകുകയും ചെയ്താൽ ഇംഗ്ലണ്ടിന്റെത് മോശം പ്രകടനമെന്ന് എനിക്ക് പറയാം. എന്നാൽ ഇവിടെ ഇന്ത്യയും 145 റൺസിന് പുറത്തായി. ” അക്തർ കൂട്ടിച്ചേർത്തു.

” ഇന്ത്യ ഇതിലും മികച്ച ടീമാണെന്നാണ് ഞാൻ കരുതുന്നത്. അവർക്ക് ഇംഗ്ലണ്ടിനെ പരാജയപെടുത്താൻ ഇത്തരം പിച്ചുകളുടെ ആവശ്യമില്ല. അവർ ഭയപെടേണ്ടതില്ല, ഇത്തരം പിച്ചുകൾ തയ്യാറാക്കുന്നതിന്റെ ആവശ്യവും അവർക്കില്ല. അഡ്‌ലെയ്ഡിലെയും മെൽബണിലെയും വിക്കറ്റ് അവർക്ക് അനുകൂലമായിരുന്നോ, എങ്ങനെയാണ് അവർ അവിടെ പരമ്പര നേടിയത് ? ” അക്തർ പറഞ്ഞു.

” ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ചിന്തിക്കണം. അവർ മികച്ച ടീമാണ്, ഇത്തരം പിച്ചുകളിൽ കളിക്കേണ്ട ഗതികേട് അവർക്കില്ല, മൂന്നാം ദിനവും നാലാം ദിനവും നാട്ടിലെ ആനുകൂല്യം ടീമിന് കിട്ടുന്നതിൽ എനിക്ക് എതിർപ്പില്ല, എന്നാൽ ഇവിടെ നോക്കൂ ജോ റൂട്ട് വരെ വിക്കറ്റുകൾ നേടുന്നു. ” അക്തർ പറഞ്ഞു.

” നാലാം ടെസ്റ്റിൽ മികച്ച പിച്ചാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഏത് പിച്ചിലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഹോമിലെ ആനുകൂല്യം നിങ്ങൾ മുതലെടുക്കേണ്ടതില്ല. ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ പോയി പരാജയപെടുത്താൻ സാധിക്കുമെങ്കിൽ ഇത്തരം പിച്ചുകളുടെ സഹായമില്ലാതെ തന്നെ ഇംഗ്ലണ്ടിനെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കും. ” അക്തർ കൂട്ടിച്ചേർത്തു.