Skip to content

ആരും പരാതി പറയേണ്ട, പിച്ച് വിവാദത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം നിരവധി വിമർശനങ്ങളാണ് മത്സരം നടന്ന അഹമ്മദാബാദ് പിച്ചിന് നേരെയുയർന്നത്. എന്നാൽ വിമർശനങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. മത്സരം താൻ ഒരുപാട് ആസ്വദിച്ചുവെന്നും അഹമ്മദാബാദ് പിച്ച് കുറേറ്ററെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നുവെന്നും നേഥൻ ലയൺ പറഞ്ഞു.

മത്സരത്തിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. 2 ദിവസം കൊണ്ട് അവസാനിച്ച മത്സരം 842 പന്തുകൾ മാത്രമാണ് നീണ്ടുനിന്നത്. 1934 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം കൂടിയാണിത്.

” ഞാൻ രാത്രി ഉറങ്ങാതെ മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത് തീർച്ചയായും ഉജ്ജ്വലമാണ്. പിച്ച് കുറേറ്ററെ സിഡ്‌നിയിലേക്ക് കൊണ്ടുവന്നാലോയെന്ന് ഞാൻ ആലോചിക്കുന്നു. ലോകത്തെമ്പാടും സീമിങ് വിക്കറ്റുകൾ ഞങ്ങൾ കളിക്കുന്നു. 47 റൺസിനോ 60 റൺസിനോ ഞങ്ങൾ പുറത്തായിട്ടുമുണ്ട്, അന്നൊന്നും ആരും ഒന്നും പറയാറില്ല. ” നേഥൻ ലയൺ പറഞ്ഞു.

” എന്നാൽ എപ്പോഴെല്ലാം സ്പിൻ ചെയ്യുന്നുവോ അപ്പോഴെല്ലാം ആളുകൾ അതിനെതിരെ വിമർശനമുന്നയിക്കുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഇത്തരം പിച്ചുകളെ പിന്തുണയ്ക്കുന്നു. ഈ മത്സരം വളരെ ആസ്വാദ്യകരമായിരുന്നു. ” നേഥൻ ലയൺ കൂട്ടിച്ചേർത്തു.

മത്സരത്തിൽ പരാജയപെട്ടതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി. മാർച്ച് നാലിനാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്.

മത്സരത്തിലെ സമനില പിടിച്ചാൽ പോലും ഇന്ത്യയ്ക്ക് ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാം. എന്നാൽ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഓസ്‌ട്രേലിയയായിരിക്കും ഫൈനൽ യോഗ്യത നേടുക.