Skip to content

ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. സ്പിന്നർമാർ അരങ്ങുവാണ മത്സരം വെറും 2 ദിനം മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപുറകെ പിച്ചിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പിച്ചിന്റെ ഗുണമേന്മയിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുവരാജ് സിങ് അതൃപ്തി പ്രകടിപ്പിച്ചത്. വെറും 2 ദിവസം കൊണ്ട് അവസാനിക്കുന്ന ഇത്തരം മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമാകില്ലയെന്നും മുൻ ഇന്ത്യൻ സ്പിന്നർമാരായ അനിൽ കുംബ്ലെയും ഹർഭജൻ സിങും ഇത്തരം പിച്ചുകളിൽ പന്തെറിഞ്ഞാൽ 1000 വിക്കറ്റും 800 വിക്കറ്റും നേടിയേനെയെന്നും യുവി പറഞ്ഞു.

” 2 ദിവസം കൊണ്ട് എല്ലാം അവസാനിച്ചു, ഇത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമാകുമോ എന്നെനിക്കറിയില്ല. അനിൽ കുംബ്ലെയും ഹർഭജൻ സിങും ഇത്തരത്തിലുള്ള പിച്ചുകളിൽ പന്തെറിഞ്ഞുവെങ്കിൽ അവർ ആയിരവും എണ്ണൂറും വിക്കറ്റുകൾ നേടി കരിയർ അവസാനിപ്പിച്ചേനെ. എന്തായാലും ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ” ട്വിറ്ററിൽ യുവി കുറിച്ചു.

മത്സരത്തിൽ ടോസ് നേടിയിട്ടും ആദ്യ ഇന്നിങ്സിലെ ആനുകൂല്യം ഉപയോഗപെടുത്താൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. പിങ്ക് ബോൾ ടെസ്റ്റ് പേസർമാർക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

8 റൺ വഴങ്ങി 5 വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഇന്നിങ്സ് തോൽവിയിൽ നിന്നും രക്ഷിച്ചത്.

ആദ്യ ഇന്നിങ്സിൽ 145 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പുറത്താക്കിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 81 റൺസിന് പുറത്താക്കി ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി.

2 ഇന്നിങ്സിൽ നിന്നും 11 വിക്കറ്റുകൾ നേടിയ അക്ഷർ പട്ടേലാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപ്പി. പിങ്ക് ബോൾ ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡും ഇതോടൊപ്പം അക്ഷർ പട്ടേൽ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന്റെ റെക്കോർഡാണ് അക്ഷർ പട്ടേൽ തകർത്തത്.