Skip to content

പിച്ച് അസാധാരണമല്ല, ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

അഹമ്മദാബാദ് പിച്ചിൽ അസ്വാഭാവികതയൊന്നും തന്നെയില്ലയെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ബാറ്റ്‌സ്മാന്മാർ രണ്ടക്കം കടക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ ആദ്യ ഇന്നിങ്സിൽ 66 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും നേടി മികച്ച പ്രകടനമാണ് രോഹിത് ശർമ്മ പുറത്തെടുത്തത്. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിന് പിന്നാലെ പിച്ചിൽ ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയതിന് പിന്നിലെ കാരണവും രോഹിത് ശർമ്മ വെളിപ്പെടുത്തി.

” ഇത്തരം പിച്ചുകളിൽ ബാറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യം ആവശ്യമാണ്. ഡിഫെൻഡ് ചെയ്‌തുകൊണ്ടിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല, റൺസ് കണ്ടെത്താനും നിങ്ങൾ ശ്രമിക്കണം. ” രോഹിത് ശർമ്മ പറഞ്ഞു.

” നമ്മൾ കണ്ടതുപോലെ പിച്ചിൽ ചിലപ്പോൾ പന്ത് ടേൺ ചെയ്യുകയും ചിലപ്പോൾ സ്റ്റമ്പിലേക്ക് സ്കിഡ് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ലക്ഷ്യം വേണ്ടത് അത്യാവശ്യമാണ്. ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം നമ്മൾ ശ്രമിക്കണം. എല്ലായ്പ്പോഴും റൺസ് കണ്ടെത്താൻ വഴികൾ തേടണം. എന്റെ ലക്ഷ്യം അതിജീവിക്കുകയെന്നത് മാത്രമായിരുന്നില്ല. നല്ല ബോളുകളെ ബഹുമാനിച്ച് റൺസ് കണ്ടെത്താനാണ് ഞാൻ ശ്രമിച്ചത്. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

” പിച്ച് വളരെ രസകരമായിരുന്നു. ചില ബോളുകൾ ടേൺ ചെയ്യും, ചിലത് ടേൺ ചെയ്യില്ല. അതുകൊണ്ട് തന്നെ ഇത്തരം പിച്ചിൽ കളിക്കുമ്പോൾ വ്യക്തമായ ധാരണ ആവശ്യമാണ്. ആ സ്വീപ് ഷോട്ടിന് മുതിരും വരെ എനിക്കതിന് സാധിച്ചിരുന്നു. ” രോഹിത് ശർമ്മ പറഞ്ഞു.

” തുറന്നുപറഞ്ഞാൽ പിച്ചിൽ അസ്വാഭാവിക ഒന്നും തന്നെയുണ്ടായിരുന്നില്ല. ഭൂരിഭാഗം ബാറ്റ്‌സ്മാന്മാരും ടേൺ ചെയ്യാതിരുന്ന പന്തുകളിലാണ് പുറത്തായത്. അവർ മാത്രമല്ല, ബാറ്റിങ് യൂണിറ്റെന്ന നിലയിൽ ഞങ്ങൾക്കും പിഴവുകൾ സംഭവിച്ചു. ആദ്യ ഇന്നിങ്സിൽ നന്നായി ബാറ്റ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. ബാറ്റ് ചെയ്യുവാൻ സാധിക്കുന്ന പിച്ച് തന്നെയായിരുന്നു ഇത്, ക്രീസിൽ നിലയുറപ്പിച്ചാൽ റൺസ് സ്കോർ ചെയ്യാനും നിങ്ങൾക്ക് സാധിക്കും. ” രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപെടുത്തിയ ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലെത്തി. മാർച്ച് നാല് മുതലാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്.