Skip to content

ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 112 റൺസിന് പുറത്ത്. 6 വിക്കറ്റ് വീഴ്ത്തിയ യുവതാരം അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്ഷർ പട്ടേലിന്റെ തുടർച്ചയായ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ തകർപ്പൻ നേട്ടവും അക്ഷർ സ്വന്തമാക്കി.

21.4 ഓവറിൽ 38 റൺസ് വഴങ്ങിയാണ് അക്ഷർ പട്ടേൽ 6 വിക്കറ്റുകൾ നേടിയത്. ഡേ നൈറ്റ് ടെസ്റ്റിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. കൂടാതെ പിങ്ക് ബോൾ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറെന്ന നേട്ടവും അക്ഷർ പട്ടേൽ സ്വന്തമാക്കി.

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 22 റൺസ് 5 വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും 53 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും റെക്കോർഡാണ് അക്ഷർ പട്ടേൽ തകർത്തത്.

ഡേ നൈറ്റ് ടെസ്റ്റിലെ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്. 2017 ൽ ശ്രീലങ്കയ്ക്കെതിരെ 184 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാൻ സ്പിന്നർ യാസിർ ഷായുടെ റെക്കോർഡാണ് അക്ഷർ തകർത്തത്.

6 വിക്കറ്റ് നേടിയ അക്ഷർ പട്ടേലിനൊപ്പം 26 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിന്റെയും മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്.

84 പന്തിൽ 53 റൺസ് നേടിയ സാക് ക്രോളി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ക്രോളിയെ കൂടാതെ ക്യാപ്റ്റൻ ജോ റൂട്ട്, ബെൻ ഫോക്‌സ്, ജോഫ്രാ ആർച്ചർ എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടീം ടോട്ടൽ കൂടിയാണിത്.