Skip to content

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചത്. 2 ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു. ഈ മത്സരത്തിലും മികവ് പുറത്തെടുത്താൽ ചില തകർപ്പൻ റെക്കോർഡുകളും അശ്വിന് സ്വന്തമാക്കാം.

ഇതുവരെ 76 മത്സരങ്ങളിൽ നിന്നും 394 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. 6 വിക്കറ്റുകൾ കൂടെ നേടിയാൽ ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് അശ്വിന് സ്വന്തമാക്കാം.

അനിൽ കുംബ്ലെ (619), കപിൽ ദേവ് (434), ഹർഭജൻ സിങ് (417) എന്നിവരാണ് ടെസ്റ്റിൽ 400 ലധികം വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ.

മത്സരത്തിൽ 400 വിക്കറ്റ് പൂർത്തിയാക്കാൻ സാധിച്ചാൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോർഡ് അശ്വിന് സ്വന്തമാക്കാം.

72 മത്സരങ്ങളിൽ 400 വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ റെക്കോർഡിൽ മുൻപിലുള്ളത്. 80 ടെസ്റ്റിൽ നിന്നും 400 വിക്കറ്റ് നേടിയ ഡെയ്ൽ സ്റ്റെയ്ൻ, സർ റിച്ചാർഡ് ഹാഡ്ലീ എന്നിവരാണ് മുത്തയ്യ മുരളീധരന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. അശ്വിനാകട്ടെ ഇതുവരെ 76 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.

കൂടാതെ 6 വിക്കറ്റുകൾ കൂടെ നേടിയാൽ ഹോമിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡും അശ്വിന് സ്വന്തമാക്കാം. ഇതുവരെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ 59 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. 14 ടെസ്റ്റിൽ നിന്നും 64 വിക്കറ്റ് നേടിയ ബി എസ് ചന്ദ്രശേഖരാണ് ഈ നേട്ടത്തിൽ അശ്വിന് മുൻപിലുള്ളത്.