Skip to content

32 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. 38 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയത്. ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടവും അക്ഷർ പട്ടേൽ സ്വന്തമാക്കി.

ടെസ്റ്റിൽ അക്ഷർ പട്ടേലിന്റെ തുടർച്ചയായ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ചെന്നൈയിൽ വെച്ചുനടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും അക്ഷർ പട്ടേൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇതോടെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലും 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് അക്ഷർ സ്വന്തമാക്കി.

1933 ൽ മൊഹമ്മദ് നിസാറും, 1988 ൽ നരേന്ദ്ര ഹിർവാണിയുമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

പിങ്ക് ബോൾ ടെസ്റ്റിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ സ്പിന്നറെന്ന നേട്ടവും അക്ഷർ സ്വന്തമാക്കി. പിങ്ക് ബോൾ ടെസ്റ്റിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്.

2019 ൽ ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 22 റൺസിന് 5 വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെ റെക്കോർഡാണ് അക്ഷർ പട്ടേൽ തകർത്തത്.

പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച രണ്ടാമത്തെ സ്പിന്നറെന്ന നേട്ടവും അക്ഷർ പട്ടേൽ സ്വന്തമാക്കി. 2017 ൽ ശ്രീലങ്കയ്ക്കെതിരെ ദുബായിൽ 184 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ പാകിസ്ഥാൻ സ്പിന്നർ യാസിർ ഷായുടെ റെക്കോർഡാണ് അക്ഷർ തകർത്തത്.

പാകിസ്ഥാനെതിരെ ദുബായിൽ 49 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് സ്പിന്നർ ദേവേന്ദ്ര ബിഷുവാണ് ഈ നേട്ടത്തിൽ മുൻപിലുള്ളത്.