Skip to content

എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 317 റൺസിന്റെ കൂറ്റൻ വിജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്.

വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ 21 ആം ഹോം ടെസ്റ്റ് വിജയമാണിത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയ്ക്കൊപ്പം കോഹ്ലിയെത്തി.

ഇന്ത്യയിൽ നയിച്ച 30 ടെസ്റ്റ് മത്സരങ്ങളിൽ 21 ലും ടീമിനെ എം എസ് വിജയത്തിലെത്തിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ പരാജയപെട്ടപ്പോൾ 6 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

മറുഭാഗത്ത് 28 ഹോം ടെസ്റ്റുകളിൽ ഇന്ത്യയെ നായിച്ചാണ് കോഹ്ലി 21 ലും ടീമിനെ വിജയത്തിലെത്തിച്ചത്. 2 മത്സരങ്ങളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ സ്വന്തം നാട്ടിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. 5 മത്സരങ്ങളാകട്ടെ സമനിലയിൽ കലാശിക്കുകയും ചെയ്തു.

13 ഹോം ടെസ്റ്റുകളിൽ ടീമിനെ വിജയത്തിലെത്തിച്ച മൊഹമ്മദ് അസറുദീനാണ് എം എസ് ധോണിയ്ക്കും വിരാട് കോഹ്ലിയ്ക്കും പുറകിലുള്ളത്.

ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ ക്യാപ്റ്റന്മാർ

  1. എം എസ് ധോണി – 21
  2. വിരാട് കോഹ്ലി – 21 *
  3. മൊഹമ്മദ് അസറുദീൻ – 13
  4. സൗരവ്‌ ഗാംഗുലി – 10
  5. സുനിൽ ഗാവസ്‌കർ – 7

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 482 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 164 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 317 റൺസിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്.

രണ്ടാം ഇന്നിങ്സിൽ 106 റൺസും 2 ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റും നേടിയ രവിചന്ദ്രൻ അശ്വിനാണ് മാൻ ഓഫ് ദി മാച്ച്.

വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.