Skip to content

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ വമ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 317 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 482 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 164 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഇംഗ്ലണ്ടിനൊപ്പമെത്തി.

5 വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് യാദവ് 2 വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന് മൊയിൻ അലി 18 പന്തിൽ 43 റൺസും ജോ റൂട്ട് 33 റൺസും നേടി. 5 ബാറ്റ്‌സ്മാന്മാർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ രവിചന്ദ്രൻ അശ്വിന്റെയും ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ 286 റൺസ് നേടുകയും ഇംഗ്ലണ്ടിന് മുൻപിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തുകയും ചെയ്തത്. കോഹ്ലി 62 റൺസ് നേടിയപ്പോൾ അശ്വിൻ 106 റൺസ് നേടിയാണ് പുറത്തായത്.

ആദ്യം ഇന്നിങ്സിൽ 161 റൺസ് നേടിയ രോഹിത് ശർമ്മയും 67 റൺസ് നേടിയ അജിങ്ക്യ രഹാനെയും 58 റൺസ് നേടിയ റിഷാബ് പന്തുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ടിനെ 134 റൺസിന് പുറത്താക്കിയ ഇന്ത്യ 195 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു.

5 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച അശ്വിനാണ് മാൻ ഓഫ് ദി മാച്ച്.