Skip to content

തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ പുറത്താക്കിയതെങ്ങനെ അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കി തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. തനിക്കെതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച തകർപ്പൻ ഫോമിലുള്ള ജോ റൂട്ടിനെ അശ്വിന്റെ കൈകളിലെത്തിച്ചാണ് അക്ഷർ പട്ടേൽ മടക്കിയത്. 20 ഓവറിൽ 40 റൺസ് വഴങ്ങി ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റുകൾ അക്ഷർ പട്ടേൽ നേടിയിരുന്നു.

ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ മികവിലാണ് ഇന്ത്യയെ 227 റൺസിന് ഇംഗ്ലണ്ട് പരാജയപെടുത്തിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 6 റൺസ് മാത്രമാണ് ജോ റൂട്ടിന് നേടാൻ സാധിച്ചത്.

” ആദ്യ ടെസ്റ്റിൽ ജോ റൂട്ട് ഒരുപാട് സ്വീപ് ഷോട്ടും റിവേഴ്സ് സ്വീപും കളിക്കുന്നത് ഞാൻ കണ്ടിരുന്നു, അതുകൊണ്ട് തന്നെ ഞാനെറിയുന്ന വേഗതയിൽ റൂട്ടിനെ പുറത്താക്കാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ ആദ്യ വിക്കറ്റ് ജോ റൂട്ടായിരിക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. ” അക്ഷർ പട്ടേൽ പറഞ്ഞു.

” എന്റെ ഡെലിവറിയിൽ അവൻ സ്വീപ് ചെയ്യാൻ ശ്രമിച്ചാൽ LBW ആകുമെന്ന് ഞാൻ കരുതിയിരുന്നു. പ്രതീക്ഷിച്ച പോലെ റൂട്ട് സ്വീപിന് ശ്രമിക്കുകയും അതിൽ പിഴവ് പറ്റുകയും ചെയ്തു. അടുത്തിടെ ഒന്നിലധികം സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടിയ ബാറ്റ്‌സ്മാനെ പുറത്താക്കുകയെന്നത് സന്തോഷകരമാണ്. ഞാൻ എത്രത്തോളം ഹാപ്പിയാണെന്ന് ആ വീഡിയോയിൽ നിങ്ങൾക്ക് മനസ്സിലാകും. ” അക്ഷർ പട്ടേൽ പറഞ്ഞു.

പരിക്ക് മൂലമാണ് ജഡേജയ്ക്ക് പകരക്കാരനായി നിശ്ചയിച്ചിരുന്ന അക്ഷർ പട്ടേലിന് ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധിക്കാതിരുന്നത്. അക്ഷർ പട്ടേലിന് പകരം ഉൾപെടുത്തിയ ഷഹബാസ് നദീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.