Skip to content

തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എം എസ് ധോണിയുടെയും കപിൽ ദേവിന്റെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ അശ്വിന്റെ അഞ്ചാം സെഞ്ചുറിയാണിത്.

എട്ടാമനായി ബാറ്റിങിനിറങ്ങി അശ്വിൻ നേടുന്ന മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന എട്ടാം നമ്പർ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് അശ്വിൻ സ്വന്തമാക്കി.

എട്ടാം നമ്പറിൽ ബാറ്റിങിനിറങ്ങി 2 സെഞ്ചുറി വീതം നേടിയിട്ടുള്ള എം എസ് ധോണി, കപിൽ ദേവ്, ഹർഭജൻ സിങ് എന്നിവരുടെ റെക്കോർഡാണ് അശ്വിൻ തകർത്തത്.

ഈ പ്രകടനത്തോടെ കപിൽ ദേവിന് ശേഷം ഇംഗ്ലണ്ടിനെതിരെ 1000 റൺസും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി.

148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയ അശ്വിനെ ഒല്ലി സ്റ്റോണാണ് പുറത്താക്കിയത്. അശ്വിനെ കൂടാതെ 149 പന്തിൽ 62 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഇരുവരുടെയും 96 റൺസിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യ 286 റൺസ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലി, ജാക്ക് ലീച്ച് എന്നിവർ നാല് വിക്കറ്റ് വീതം നേടി.

482 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്. 19 റൺസ് നേടിയ ഡാനിയേൽ ലോറൻസും, 2 റൺ നേടിയ ക്യാപ്റ്റൻ ജോ റൂട്ടുമാണ് ക്രീസിലുള്ളത് . ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ 2 വിക്കറ്റും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.