Skip to content

ഇത് അംഗീകരിക്കാൻ സാധിക്കില്ല, ഇന്ത്യൻ ബൗളർമാർക്കെതിരെ വിമർശനവുമായി ആശിഷ് നെഹ്റ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ 27 നോ ബോളുകളെറിഞ്ഞതാണ് നെഹ്റയെ ചൊടിപ്പിച്ചത്. ഈ തെറ്റ് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലയെന്നും ഇക്കാര്യത്തിൽ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നെഹ്റ പറഞ്ഞു.

” ഏതൊരു ഫോർമാറ്റിലായാലും ഇത്രയധികം നോ ബോളുകൾ എറിയുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. അണ്ടർ 14 ക്രിക്കറ്റിനെ പറ്റിയോ അണ്ടർ 16 ക്രിക്കറ്റിനെ പറ്റിയോ അല്ല നമ്മൾ സംസാരിക്കുന്നത്, ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ് ” നെഹ്റ പറഞ്ഞു.

9 ബോളുകളാണ് മത്സരത്തിൽ സ്പിന്നർ ഷഹബാസ് നദീം എറിഞ്ഞത്, ബുംറ 8 ബോളുകൾ എറിഞ്ഞപ്പോൾ അശ്വിനും ഇഷാന്ത് ശർമ്മയും 5 വീതം ബോളുകൾ എറിഞ്ഞു.

” താളം കണ്ടെത്താൻ സാധിക്കാതെ ഒരു ബൗളർ പത്തോ പതിനഞ്ചോ നോ ബോളുകൾ എറിഞ്ഞാൽ അതെനിക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ എല്ലാ ബൗളർമാരും നോ ബോളുകൾ എറിയുകയെന്നത് അംഗീകരിക്കാൻ സാധിക്കില്ല, അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട ” ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു.

” ഇക്കാര്യത്തിൽ ഇന്ത്യ മെച്ചപ്പെടാനുണ്ട്. ഈ മത്സരത്തിൽ എന്തുകൊണ്ടോ നോ ബോളിൽ വിക്കറ്റുകൾ വീണില്ല. ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റുകളെന്നത് വളരെ പ്രധാനപെട്ടതാണ്. ഇനി മൂന്ന് ദിവസത്തെ ഇടവേളയുണ്ട്. ഇക്കാര്യം അവർ ഒരു ദിവസമെങ്കിലും പ്രാക്ടീസ് ചെയ്യണം, ഇത് കളിക്കാരുടെ ഉത്തരവാദിത്വമാണ്, കാരണം ഇവിടെ എല്ലാവരും പരിചയസമ്പന്നരാണ്. ” നെഹ്റ പറഞ്ഞു.