Skip to content

ചില കാര്യങ്ങൾക്ക് ലോജിക്കുണ്ടാകില്ല, അനിൽ കുംബ്ലെയ്ക്കും ഐസിസിയ്ക്കുമെതിരെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിരുന്നു. ഇതിനുപുറകെ പോയിന്റ് ടേബിൾ നിർണയത്തിൽ മാറ്റം വരുത്തിയ ഐസിസിയ്ക്കും ഐസിസി ക്രിക്കറ്റ് കമ്മിറ്റിയ്ക്കുമെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

കോവിഡ് പ്രതിസന്ധി മൂലം ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരമ്പരകൾ മാറ്റിവെച്ചതോടെയാണ് അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ടീമുകളുടെ സ്ഥാനം നേടിയ പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ( PCT ) നിർണയിക്കാൻ ഐസിസി തീരുമാനിച്ചത്.

നിലവിൽ ഇംഗ്ലണ്ടിന് ശേഷം ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത് ഇന്ത്യയാണ്. എന്നാൽ പോയിന്റ് ടേബിളിൽ 420 പോയിന്റ് നേടിയ ന്യൂസിലാൻഡിനും 332 പോയിന്റ് നേടിയ ഓസ്‌ട്രേലിയക്കും പുറകിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ന്യൂസിലാൻഡാകട്ടെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു.

” ലോക്ഡൗണിനിടെ പെട്ടെന്ന് നിയമങ്ങളിൽ മാറ്റം വരുത്തിയാൽ ഒന്നും നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല കളിക്കളത്തിലെ കാര്യങ്ങൾ മാത്രമാണ്. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” പോയിന്റ് ടേബിളിനെ കുറിച്ചോ പുറത്ത് എന്താണ് നടക്കുന്നതെന്നതിനെ കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നില്ല. ചില കാര്യങ്ങൾക്ക് ലോജിക്ക് ഉണ്ടാകുകയില്ല. നിങ്ങൾക്ക് വേണ്ടുന്നത്രയും മണിക്കൂറുകളിൽ ഇതിനെകുറിച്ച് ചർച്ചകൾ നടത്താം. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് ചെയ്യാവുന്ന കാര്യം മികച്ച ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കുകയെന്നതാണ്. അതാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം ” കോഹ്ലി കൂട്ടിച്ചേർത്തു.

” ഈ മത്സരത്തിന് മുൻപ് ഇംഗ്ലണ്ടിന്റെ അവസരങ്ങളെ കുറിച്ച് പോലും നമ്മൾ ആലോചിച്ചിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ പെട്ടെന്ന് അവർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഇക്കാര്യങ്ങൾ ഇങ്ങനെ മാറികൊണ്ടിരിക്കും. ഞങ്ങൾ ഇതിനുവേണ്ടിയല്ല കളിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം കഠിനപ്രയത്നത്തിലൂടെ ഇതെല്ലാം മറികടക്കുകയെന്നതാണ് ” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപെട്ടാൽ ഇന്ത്യയ്ക്ക് ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കില്ല. ഇംഗ്ലണ്ടിനാകട്ടെ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ യോഗ്യത നേടാൻ സാധിക്കൂ.

പരമ്പരയിലെ ഫലങ്ങൾ ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ അനുകൂലമല്ലെങ്കിൽ ഓസ്‌ട്രേലിയക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കും.